ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്ഇബി അനുമതി

August 9, 2018 0 By Editor

തിരുവനന്തപുരം: കനത്തമഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് മരണം പതിനാറായി. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്ഇബി അനുമതി നല്‍കി. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ നല്‍കിയിരിക്കുന്നത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു. പെരുമ്പാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. താമരശ്ശേരി, കുറ്റ്യാടി, പാല്‍ച്ചുരം വഴിയുള്ള ഗതാഗത നിയന്ത്രണം ശക്തമാക്കി.

കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 169.56 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. അഞ്ച് വര്‍ഷം കൂടിയാണ് അണക്കെട്ട് തുറക്കുന്നത്.

ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഭൂതത്താന്‍ക്കെട്ടില്‍ മൂപ്പത് മീറ്ററോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ 164 ഘനമീറ്റര്‍ (1,64,000 ലിറ്റര്‍) വെള്ളം പെരിയാറിലേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.