ഇടുക്കിയില്‍ 25ന് യുഡിഎഫ് ഹര്‍ത്താല്‍

June 20, 2018 0 By Editor

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 25ന് യുഡിഎഫ് ഹര്‍ത്താല്‍. ഈ മാസം മുപ്പതിനു പ്രഖ്യാപിച്ചിരുന്ന യുഡിഎഫ് ഹര്‍ത്താല്‍ ഇരുപത്തഞ്ചിലേക്കു മാറ്റുകയായിരുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എസ്. അശോകന്‍, കണ്‍വീനര്‍ ടി.എം. സലിം എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നാര്‍ മേഖലയില്‍ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും, ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടി ഊര്‍ജിതപ്പെടുത്തണമെന്നും, പത്തുചെയിന്‍ മേഖലയില്‍ ഒരു ചെയിന്‍പോലും ഒഴിവാക്കാതെ എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

പട്ടയ ഭൂമിയില്‍ പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കാത്ത വിധം അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങള്‍ വെട്ടിമാറ്റാന്‍ അനുവദിക്കണമെന്നുമൊക്കെയാണ് ആവശ്യം.

എന്നാല്‍ ഇത്തരത്തിലുള്ള ഭൂപ്രശ്‌നങ്ങള്‍ ബാധകമല്ലാത്ത തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.