ഇന്ധന വില വര്‍ധനവ് കുറയ്ക്കാന്‍ മദ്യ നികുതി കൂട്ടാനൊരുങ്ങുന്നു

ഇന്ധന വില വര്‍ധനവ് കുറയ്ക്കാന്‍ മദ്യ നികുതി കൂട്ടാനൊരുങ്ങുന്നു

September 21, 2018 0 By Editor

മുംബൈ: രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഇന്ധന വില വര്‍ദ്ധനവ് പരിഹാരം കാണാന്‍ കുറുക്കുവഴി തേടി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിച്ച് ഇന്ധനങ്ങളുടെ നികുതി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് പുതിയ മാര്‍ഗവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ധനത്തിന്റെ വില കുറയ്ക്കുന്നത് മൂലമുണ്ടാകുന്ന നികുതി നഷ്ടം മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ നികത്താനാണ് ആലോചന. അതേസമയം, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ സംസ്ഥാന എക്‌സൈസ് ഡ്യൂട്ടി അഞ്ച് വര്‍ഷമായി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ചിലവുള്ള ഇടത്തരം മദ്യങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചാല്‍ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തി. അതേസമയം, സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ ചാരായം, സൈനിക കാന്റീനിലെ മദ്യം എന്നിവയുടെ എക്‌സൈസ് തീരുവ 2015ല്‍ വര്‍ദ്ധിപ്പിച്ചിരുന്നു.