ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട് :മോഹന്‍ ഭഗവത്

September 18, 2018 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആര്‍.എസ്.എസ് സമ്മേളത്തിലാണ് ഭഗവത് ഇക്കാര്യം പറഞ്ഞത്.

അതേസമയം, ആര്‍.എസ്.എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടത്. ആര്‍.എസ്.എസിന്റെ ഹിന്ദുത്വം ആരെയും എതിര്‍ക്കാനുള്ളതല്ല. ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ലെന്നും ഭാഗവത് പറഞ്ഞു.

ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോ.ഹെഗ്‌ഡെവാറും കോണ്‍ഗ്രസില്‍ അംഗമായിരുന്നു. അതേസമയം, സമ്മേളനത്തിലേക്ക് പ്രതിപക്ഷ നിരയിലെ അടക്കം എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.