ഇനി ആംബുലന്‍സ് സര്‍വീസുകള്‍ക്കെല്ലാം ഒരേ നമ്പര്‍

May 12, 2018 0 By Editor

തിരുവനന്തപുരം: 9188 100 100 എന്ന നമ്പറില്‍ വിളിക്കൂ, സംസ്ഥാനത്ത് എവിടെയായാലും ഉടന്‍ എത്തും ആംബുലന്‍സ്. റോഡപകടങ്ങളില്‍പ്പെടുന്നവരെ അതിവേഗം ആശുപത്രിയിലെത്തിക്കും. സംസ്ഥാനത്ത് എവിടെ റോഡപകടമുണ്ടായാലും അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) പൊലീസും ചേര്‍ന്ന് രൂപവത്കരിച്ച ഒറ്റനമ്പര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയാണ് തുടക്കം കുറിച്ചത്.

ആയിരത്തോളം സ്വകാര്യആംബുലന്‍സുകളാണ് പദ്ധതിയിലുള്ളത്. അപകടസ്ഥലത്തുനിന്ന് ഈ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ പൊലീസ് കണ്‍േട്രാള്‍ റൂമില്‍ വിളി എത്തും. ഇവിടെ പ്രത്യേക പരിശീലനം ലഭിച്ച സംഘം വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്ത ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും. ഇതിന് ഡ്രൈവര്‍മാര്‍ക്ക് പൊലീസും ഐ.എം.എയും പരിശീലനവും നല്‍കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍റൂമില്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭിക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍, സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുല്‍ഫി എന്നിവര്‍ അറിയിച്ചു.

പൊലീസിന്റെയും രമേശ് കുമാര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോഗോ രമേശ് കുമാര്‍ ഫൗണ്ടേഷന്‍ അംഗം ഡോ. ശ്യാമളകുമാരിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നിലവില്‍ നോണ്‍ ഐ.സി.യു ആംബുലന്‍സുകള്‍ക്ക് മിനിമം 500 രൂപയും ഐ.സി.യു ആംബുലന്‍സുകള്‍ക്ക് 600 രൂപയുമാണ് വാടക. കൂടുതല്‍ ഓടിയാല്‍, കിലോമീറ്ററര്‍ ഒന്നിന് 10 രൂപ അധികം നല്‍കണം. രോഗിയോ, കൂടെയുള്ളവരോ ആണ് വാടക നല്‍കേണ്ടത്.

പ്രത്യേക സാഹചര്യത്തില്‍ പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ നല്‍കും. ചടങ്ങില്‍ എം. മുകേഷ് എം.എല്‍.എ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍. സുല്‍ഫി ട്രോമ കെയര്‍ സെല്‍ ചെയര്‍മാന്‍ ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഐ.ജി. മനോജ് എബ്രഹാം, ഡി.സി.പി. ജയദേവ്, ഡോ. ജോണ്‍ പണിക്കര്‍, ഡോ. എ. മാര്‍ത്താണ്ഡപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.