ഇനിയുള്ള കാലം ആസാറാം ബാപ്പു തടവറക്കുള്ളില്‍

April 25, 2018 0 By Editor

ജോദ്പൂര്‍: 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷവിധിച്ച് ജോദ്പൂര്‍ കോടതി. ഇന്ന് രാവിലെ ആള്‍ദൈവം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഉച്ചയ്ക്ക് ശേഷമാണ് ബാപ്പുവിന് ആജിവനാന്തം തടവ് ശിക്ഷിച്ചത്. കൂട്ടുപ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷയാണ് ജോദ്പൂര്‍ കോടതി വിധിച്ചത്. ആജിവനാന്തം തടവുശിക്ഷ വിധിച്ചത് കേട്ട് ആസാറാം ബാപ്പു ജഡ്ജിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. 2013 മുതല്‍ ആസാറാം ബാപ്പുവിനെ താമസിപ്പിച്ചിരിക്കുന്ന ജോദ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സംവിധാനം ഒരുക്കിയാണ് വിധി പ്രസ്താവം നടത്തിയത്.

ആസാറാം ബലാത്സംഗം ചെയ്ത 16കാരിയുടെ പിതാവ് ജോദ്പൂര്‍ കോടതിയുടെ വിധിയില്‍ തൃപ്തനാണെന്ന് പ്രതികരിച്ചു. നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. കോടതിയോടും മാധ്യമങ്ങളോടും നന്ദി പറയുന്നു. ഞങ്ങള്‍ക്ക് കോടതിയില്‍ പരിപൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങളുടെ കുടുംബം പുറത്തിറങ്ങാറില്ല. ഒടുവില്‍ വിധി അയാള്‍ക്ക് എതിരായല്ലോ. ഞങ്ങള്‍ നിരന്തരമായ ഭീതിയിലായിരുന്നു ജീവിച്ചിരുന്നത്. ഞങ്ങളുടെ ബിസിനസ് ഉള്‍പ്പെടെ എല്ലാം നശിച്ചു. ജീവന് പോലും ഭീഷണിയുണ്ടായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി ആസാറം കുറ്റക്കാരനല്ലെന്ന് പറയണമെന്നും ആവശ്യത്തിന് പണം തരാമെന്നും പലകുറി അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യപ്പെട്ടിരുന്നു’ – പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശ്രമത്തില്‍ നടന്ന ബലാത്സംഗത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ജോദ്പൂര്‍ കോടതി ആള്‍ദൈവമായ ആസാറാമിനെ ജയിലിലേക്ക് അയച്ചിരിക്കുന്നത്. 77കാരനായ ഇയാള്‍ തന്റെ ആശ്രമത്തില്‍ പഠിക്കാനെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16കാരിയെയാണ് ബലാത്സംഗം ചെയ്തത്.

ആസാറാമിനെ കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുന്നോടിയായി ഇയാള്‍ കഴിയുന്ന ജോദ്പൂര്‍ ജയിലിന് സമീപം സുരക്ഷ ശക്തമാക്കുകയും സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തിരുന്നു. ആസാറാം കുറ്റക്കാരനല്ലെന്നും അയാളെ വെറുതെ വിടണമെന്നുമാണ് അനുയായികള്‍ ഇപ്പോഴും പറയുന്നത്.