ഐഎന്‍ എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന് ഇടക്കാല സംരക്ഷണം

July 25, 2018 0 By Editor

ന്യൂഡല്‍ഹി : ഐ എന്‍ എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന് ആഗസ്റ്റ് ഒന്നു വരെ അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം. ഡല്‍ഹി ഹൈക്കോടതിയാണ് ചിദംബരത്തിന് ഇടക്കാല സംരക്ഷണം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. എയര്‍സെല്‍ മാക്‌സിസ് കേസില്‍ സമ്മന്‍സ് അയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.

അതേസമയം, കാര്‍ത്തിക്ക് വിദേശയാത്രയ്ക്കുള്ള അനുമതി സുപ്രീംകോടതി നല്‍കിയിരുന്നു. ബിസിനസ് ആവശ്യത്തിനായി ജൂലൈ 23 മുതല്‍ 31 വരെയാണ് സുപ്രീംകോടതി യാത്രാനുമതി നല്‍കിയിരിക്കുന്നത്. ഐ എന്‍ എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തിയും പിതാവ് ചിദംബരവും അന്വേഷണ ഏജന്‍സിയുടെയും സി ബി ഐ യുടെയും നിരീക്ഷണത്തിലാണ്.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് 305 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനായി മാധ്യമസ്ഥാപനമായ ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) ക്ലിയറന്‍സ് നല്‍കുന്നതില്‍ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ടാണു കേസ്.

കേസില്‍ ജൂലായ് മൂന്നുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് സി.ബി.ഐ.യെ ഡല്‍ഹി ഹൈക്കോടതി വിലക്കിയിരുന്നു. മേയ് 31 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് ചിദംബരം അറിയിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഫണ്ട് സ്വീകരിച്ചതിന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ കഴിഞ്ഞ വര്‍ഷം മേയ് 15നാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.