ഇരിട്ടി-മാക്കൂട്ടം അന്തര്‍സംസ്ഥാനപാതയിലെ പത്തോളം ഹോട്ടലുകള്‍ പൂട്ടി

ഇരിട്ടി-മാക്കൂട്ടം അന്തര്‍സംസ്ഥാനപാതയിലെ പത്തോളം ഹോട്ടലുകള്‍ പൂട്ടി

June 19, 2018 0 By Editor

ഇരിട്ടി: ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ ഗതാഗതടസത്തെ തുടര്‍ന്ന് ഇരിട്ടി മാക്കൂട്ടം അന്തര്‍സംസ്ഥാനപാതയിലെ പത്തോളം ഹോട്ടലുകള്‍ പൂട്ടി. യാത്രക്കാരെ ലക്ഷ്യം വച്ച് തുറന്നിരുന്നതും രാത്രിയിലും പ്രവര്‍ത്തിക്കുന്നതുമായ ഹോട്ടലുകളാണ് ആളില്ലാത്തതിനാല്‍ അടച്ചത്. മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. പച്ചക്കറിയുടെ വരവും നിലച്ചു.

ഇതുവഴിയുള്ള അന്തര്‍സംസ്ഥാന ചരക്ക് നീക്കം നിലച്ചതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചുരം റോഡ് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി മാക്കൂട്ടം പാലത്തിലും പാലത്തിന്റെ അടിഭാഗത്തും റോഡിന്റെ വശങ്ങളിലും മറ്റും വന്നടിഞ്ഞ കൂറ്റന്‍ മരങ്ങളും മറ്റും മാറ്റിത്തുടങ്ങി. ഇരിട്ടിയില്‍ നിന്നും എത്തിയ ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിനുകളും ജെസിബിയും മറ്റും ഉപയോഗിച്ചാണ് മരങ്ങള്‍ മാറ്റുന്ന ജോലി ആരംഭിച്ചത്.

കഴിഞ്ഞദിവസം ദുരന്തസ്ഥലം സന്ദര്‍ശിച്ച കുടക് ജില്ലാ കമ്മീഷണര്‍ ശ്രീവിദ്യ ഉടന്‍ തന്നെ മരങ്ങളും മറ്റും മാറ്റുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ജൂലൈ 12 വരെയാണ് തലശേരി മൈസൂര്‍ അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡ് കുടക് ജില്ലാ ഭരണകൂടം അടച്ചിട്ടിരിക്കുന്നത്. ഇതോടെ ഈ പാതയിലൂടെ ചരക്കുനീക്കവും ജനങ്ങളുടെ സഞ്ചാരവും നിലച്ചിരിക്കുകയാണ്.