ഐ.എസ്.ആര്‍.ഒ ചാരക്കേസ് വിധി യുക്തിരഹിതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

September 14, 2018 0 By Editor

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്തതാണെന്ന സുപ്രീം കോടതി വിധി യുക്തിരഹിതമാണെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കെ.കെ.ജോഷ്വായുടെ പ്രതികരണം. കേസില്‍ തന്റെ പേര് ഒരിടത്തും ഉന്നയിക്കാതിരുന്ന നമ്പി നാരായണന്‍ 18 വര്‍ഷത്തിന് ശേഷം തന്നെ വലിച്ചിഴച്ചത് സി.ബി.ഐയിലെ ഒരു ഉദ്യോഗസ്ഥന്റെ വികലമായ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ഇത്രയും ബൃഹത്തായ ഒരു കേസില്‍ തങ്ങളുടെ അന്വേഷണം നടന്നത് 15 ദിവസമാണ്. ഈ സമയത്ത് കേസ് തെളിയിക്കുന്നത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ തങ്ങളെ അനാവശ്യമായി ഇരയാക്കുകയായിരുന്നു. കേസ് ഡയറിയില്‍ പാളിച്ചകളുണ്ടെന്ന നിസാരമായ കാരണമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. നമ്പി നാരായണന്‍ കൊടുത്തിരിക്കുന്ന കേസുകളിലൊന്നും തന്നെ കക്ഷിയാക്കിയിട്ടില്ല. കോടതി ഉത്തരവിന്റെ വിധി പകര്‍പ്പ് കിട്ടി അഭിഭാഷകനുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എസ്.വിജയനും സിബി മാത്യൂസും പറഞ്ഞു. എന്നാല്‍ കേസിലെ ഗൂഢാലോചന പുറത്തുവരട്ടെയെന്ന് രമണ്‍ ശ്രീവാസ്തവെ പ്രതികരിച്ചു. കേസില്‍ സുപ്രീം കോടതി വിധി വന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.