ഇഷ്ടഗാനം കേട്ട് കൊണ്ട് ഡേവിഡ് ഗുഡാള്‍ ദയാവധം സ്വീകരിച്ചു

May 11, 2018 0 By Editor

ജനീവ: തന്റെ അവസാന ഗീതവും ചൊല്ലി ഡേവിഡ് ഗുഡാള്‍ യാത്രയായി. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് 104ാം പിറന്നാളാഘോഷവേളയിലാണ് ഗുഡാള്‍ ലോകത്തെ അറിയിച്ചത്. കടുത്ത ആരോഗ്യപ്രശ്‌നമില്ലാത്തവര്‍ക്ക് ഗുഡാളിന്റെ സ്വദേശമായ ഓസ്‌ട്രേലിയയില്‍ ദയാവധം അനുവദിക്കാത്തതിനാല്‍ സ്വിറ്റ്‌സര്‍ലണ്ടാണ് ഗുഡാളിനെ സഹായിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് ഗുഡാള്‍ തന്റെ ഇഷ്ടഗാനം ശ്രവിച്ച് കണ്ണടച്ചത്. എന്നാല്‍ പ്രായാധിക്യത്താലുള്ള അസ്വസ്ഥതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു ഗുഡാള്‍.

തിങ്കളാഴ്ചയാണ് ഗുഡാള്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ബേസിലില്‍ എത്തിയത്. ഈ മാര്‍ഗത്തെ ‘സ്വിസ് ഓപ്ഷന്‍’ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയ ഇത്തരത്തിലൊരു അവസരം തനിക്ക് തന്നിരുന്നെങ്കിലെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

ലുഡ്‌വിഗ് വാന്‍ ബിഥോവന്റെ ഒമ്പതാം സിംഫണിയിലെ ‘ആനന്ദ സങ്കീര്‍ത്തനം’ കേട്ടും അതിനൊപ്പം പാടിയുമാണ് ഗുഡാള്‍ മരണത്തിലേക്ക് നീങ്ങിയത്. മരിക്കാനുള്ള മരുന്ന് കുത്തിവെച്ച് ഗുഡാളിനെ അവര്‍ എന്നെന്നേക്കുമായി ഉറക്കി.