ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ തയ്യാറല്ല: മീശ നോവലിസ്റ്റ് എസ് ഹരീഷ്

July 23, 2018 0 By Editor

കോട്ടയം: രാജ്യം ഭരിക്കുന്നവരോട് പോരാടാനുള്ള കരുത്ത് തനിക്കില്ലെന്ന് നോവലിസ്റ്റ് എസ് ഹരീഷ്. ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാനും തയ്യാറല്ലെന്നും എഴുത്ത് തുടരുമെന്നും മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന നോവല്‍ ‘ മീശ’ മൂന്ന് ലക്കം പിന്നിട്ടിരിക്കുന്നു. ചെറുപ്പം മുതല്‍ മനസില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലവുമാണത്. എന്നാല്‍ നോവലില്‍ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്.ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്റെ കരണത്ത് അടിക്കേണ്ടതാണെന്ന് പരസ്യമായി പറഞ്ഞു.അതിലുപരിയായി എന്റെ ഭാര്യയുടെയും രണ്ട് കൊച്ചുകുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അസഭ്യപ്രചരണങ്ങള്‍ തുടരുന്നു. അമ്മയെയും പെങ്ങളെയും മരിച്ചുപോയ അച്ഛനെയും കുറിച്ച് അപവാദം പറയുന്നു.വനിതാ കമ്മീഷനിലും വിവിധ പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ വിശദമാക്കുന്നു.

അതുകൊണ്ട് നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് താന്‍ പിന്‍വാങ്ങുകയാണെന്നും ഉടനെ പുസ്തകമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹം അതിവൈകാരികത അടങ്ങി അതിന് പാകപ്പെട്ടെന്ന് തോന്നുമ്‌ബോള്‍ പുറത്തിറക്കുമെന്നും ആര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണച്ചവരോടും കൂടെ നിന്ന കുടുംബാംഗങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.