ജലന്ധര്‍ പീഡനം: കന്യാസ്ത്രീയുടെ പരാതി വ്യാജം

July 6, 2018 0 By Editor

തിരുവനന്തപുരം: ജലന്ധര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി വ്യാജമാണെന്ന് ജലന്ധര്‍ രൂപതയുടെ സര്‍ക്കുലര്‍. കന്യാസ്ത്രീകള്‍ക്കും വൈദികന്മാര്‍ക്കുമായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് പരാതിക്കാരിയുടെ വാദങ്ങള്‍ വ്യാജമാണെന്ന് രൂപത ആരോപിക്കുന്നത്. ചില വ്യക്തിപരമായ പരാതികളില്‍ പരിഹാരം കാണാനായിട്ടാണ് കന്യാസ്ത്രീ വ്യാജആരോപണവുമായി രംഗത്തെത്തിയതെന്നും ഇതില്‍ ആരോപിക്കുന്നു. സംഭവത്തിന്റെ തുടക്കം മുതല്‍ തന്നെ കന്യാസ്ത്രീയ്ക്ക് സ്വഭാവദൂഷ്യമുള്ളതായി ചൂണ്ടിക്കാട്ടി വൈദികര്‍ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കുലറിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

വ്യക്തിപരമായ ചില പരാതികള്‍ ഒത്തുതീര്‍ക്കാന്‍ കന്യാസ്ത്രീ ബിഷപ്പിനെ സമീപിച്ചിരുന്നുവെന്നും ഇതില്‍ പരിഹാരം കാണാത്തതാണ് പരാതിക്ക് പിന്നിലെന്നും ഇതില്‍ ആരോപിക്കുന്നു. നഷ്ടപ്പെട്ട മദര്‍ സുപ്പീരിയര്‍ സ്ഥാനം തിരിച്ചുപിടിക്കാനാണ് കന്യാസ്ത്രീയുടെ ശ്രമം. തന്റെ കുടുംബം തകര്‍ക്കുന്നുവെന്ന് കാട്ടി ഒരു ബന്ധു പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ബിഷപ്പ് കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തിരുന്നുവെന്നും സര്‍ക്കുലറില്‍ ആരോപിക്കുന്നു. ബിഷപ്പിന് തന്നെ പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിലും കന്യാസ്ത്രീ ആവര്‍ത്തിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടെയാണ് രൂപതയുടെ പുതിയ നീക്കം.