ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുക തൃപ്പൂണിത്തുറയില്‍ എസ്.പി ഓഫീസില്‍

September 19, 2018 0 By Editor

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുക തൃപ്പൂണിത്തുറയില്‍ എസ്.പി ഓഫീസില്‍ വച്ച്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ കൊച്ചിയിലേക്ക് മാറ്റിയത്. ചോദ്യം ചെയ്യല്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തും. ചോദ്യം ചെയ്യുന്ന മുറിയില്‍ പല കോണുകളില്‍ അഞ്ച് ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9.30നുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുന്നില്‍ ഹാജരാകാനാണ് ബിഷപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം ബിഷപ്പ് ഫ്രാങ്കോ ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തിയതായി സൂചനയുണ്ട്.

നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. തെന്നിമാറാന്‍ സാധ്യതയുള്ള ഉത്തരങ്ങളുടെ ഉള്ളറകള്‍ കണ്ടെത്തുന്ന ചോദ്യങ്ങളും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പത്ത് ചോദ്യങ്ങള്‍ക്കെങ്കിലുമുള്ള ഉത്തരത്തില്‍ വൈരുദ്ധ്യമുണ്ടായാല്‍ അറസ്റ്റിലേക്ക് കടക്കാനുള്ള ഉറച്ച തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കും.

സൗഹാര്‍ദ്ദപരമായി തുടങ്ങി ഓരോ വിഷയങ്ങളിലേയ്ക്കും കടക്കുന്ന രീതിയിലായിരിക്കും ചോദ്യം ചെയ്യല്‍. അഭിഭാഷകന്റെ പരിശീലനം ബിഷപ്പിന് ലഭിച്ചെന്ന് ഉറപ്പുള്ളതിനാല്‍ ഓരോ ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങളുണ്ടാവും. തുടക്കത്തില്‍ വൈക്കം ഡിവൈ.എസ്.പി ചോദ്യങ്ങള്‍ ചോദിക്കും. ജില്ലാ പൊലീസ് മേധാവിയും സന്നിഹിതനായിരിക്കും. രണ്ടാംഘട്ടത്തില്‍ ജില്ലാ പൊലീസ് മേധാവിയും ഐ.ജിയും ചോദ്യം ചെയ്യും. ഒന്നിലേറെ ദിവസം ചോദ്യം ചെയ്യല്‍ നീളാം. ബിഷപ്പിനോടുള്ള ചോദ്യങ്ങള്‍, ചോദ്യം ചെയ്യേണ്ട രീതി, കേസിലെ ഇതുവരെയുള്ള തെളിവുകള്‍ എന്നിവ ഐ.ജി വിജയ് സാക്കറെയെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ധരിപ്പിച്ചിരുന്നു