ജലന്ധര്‍ ബിഷപ് കേസ് അന്വേഷണം പുരോഗമിക്കുന്നു; അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ല

September 13, 2018 0 By Editor

കൊച്ചി: ജലന്ധര്‍ ബിഷപ് കേസ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. വര്‍ഷങ്ങള്‍ക്ക് മുന്പ് ഉണ്ടായ കേസായതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുന്നത് കരുതലോടെയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. നേരത്തെ ഒരു തവണ ഒന്പത് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിന് ശേഷമെ മറ്റു കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ പൊലീസ് ഹൈക്കോടതിക്ക് കൈമാറി. ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു. ഇത് കൂടാതെ ഹൈക്കോടതി ജംഗ്ഷനില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന കന്യാസ്ത്രീയുടെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ബിഷപ്പിന്റെ മൊഴിയിലും സാക്ഷികളുടെ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ മുഖേന സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.