ജലന്ധര്‍ ബിഷപ് പദവികളില്‍ നിന്ന് ഒഴിഞ്ഞ് നിയമത്തിന് കീഴടങ്ങണമെന്ന് വി.എം സുധീരന്‍

September 12, 2018 0 By Editor

തിരുവനന്തപുരം: പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പദവികളില്‍ നിന്ന് ഒഴിഞ്ഞ് നിയമത്തിന് കീഴടങ്ങണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സത്യം മറച്ചുവെക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കേസില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ വീഴ്ച വരുത്തുമ്പോള്‍ കേരളാ പൊലീസ് കൂടുതല്‍ അപഹാസ്യരാകുകയാണ്.

നടപടി എടുത്താല്‍ മാത്രമെ അത് നടന്നു എന്ന് പറയാനാവുകയുള്ളുവെന്നും കൃത്യമായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടും പൊലീസ് എന്തിനാണ് മടിച്ചു നില്‍ക്കുന്നതെന്നും സുധീരന്‍ ചോദിച്ചു.

കുറ്റം ചെയ്തവരെ കുറ്റവാളികളായി മാത്രമെ കാണാനാകു. നിര്‍ദോഷിയെന്ന് പറയേണ്ടത് കോടതിയാണ്. സ്വയം വിശുദ്ധനെന്ന് ആര് പ്രഖ്യാപിച്ചാലും ജനം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ ഈ പ്രശ്നത്തിലേക്ക് സഭയേയും വലിച്ചിഴയ്ക്കാനാണ് ബിഷപ്പിന്റെ ശ്രമമെന്നും സുധീരന്‍ പറഞ്ഞു.

നിരവധി നല്ല ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളുമുള്ള സഭയ്ക്ക് ബിഷപ്പ് ചീത്തപ്പേര് വരുത്തിവെച്ചിരിക്കുകയാണ്. ബിഷപ്പ് രാജിവെച്ച് നിയമത്തിന് കീഴടണം. നിരപാരാധിയാണെന്ന് കോടതി കണ്ടെത്തിയാല്‍ തിരിച്ച് വരാം. തെറ്റായ ന്യായീകരണം നടത്തി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.