ജലന്ധര്‍ പീഡനം; സിബിഐ വേണ്ടെന്ന് ഹൈക്കോടതി

ജലന്ധര്‍ പീഡനം; സിബിഐ വേണ്ടെന്ന് ഹൈക്കോടതി

September 13, 2018 0 By Editor

കൊച്ചി:ജലന്തര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു പൊലീസാണെന്നു ഹൈക്കോടതി. തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കും. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പംകൂടി ക്ഷമ കാണിക്കണം. കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പൊലീസ് ശേഖരിച്ച തെളിവുകള്‍ പ്രതിയുടെ കയ്യെത്താത്ത ദൂരത്താണ്. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഈമാസം 24ന് വീണ്ടും പരിഗണിക്കും. ജലന്തര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു റിപ്പോര്‍ട്ട് പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കോടതിയിലെത്തിയിരുന്നു.

ബിഷപ്പിനെ ചോദ്യം ചെയ്തശേഷമേ അറസ്റ്റ് തീരുമാനിക്കാനാകൂയെന്നാണു സര്‍ക്കാരിന്റെ നിലപാട്. അഞ്ചു സംസ്ഥാനങ്ങളിലായി അന്വേഷണം തുടരുകയാണ്. പരാതിക്കാരിക്കു സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടാനുള്ള സംവിധാനമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അന്വേഷണം വൈകുന്നതു സ്വാഭാവികമാണെന്നു കോട്ടയം എസ്പി ഹരി ശങ്കര്‍ പറഞ്ഞിരുന്നു. നാലുവര്‍ഷം പഴക്കമുള്ള കേസാണിത്. അതിന്റേതായ പ്രതിസന്ധികളുണ്ട്. ബിഷപ് ഇതുവരെ അന്വേഷണത്തോടു സഹകരിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യും മുന്‍പ് കൃത്യമായ നിഗമനത്തിലെത്താനാണു ശ്രമം. കന്യാസ്ത്രീകള്‍ക്കു സുരക്ഷ നല്‍കാനുള്ള തീരുമാനം പൊലീസ് സ്വമേധയാ എടുത്തതാണെന്നും എസ്പി പറഞ്ഞു.