ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കും: ആര്‍എസ്എസ് നേതാവ്

July 24, 2018 0 By Editor

റാഞ്ചി: ഗോവധം നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും താനെ നില്‍ക്കുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പശുവിന്റെ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിവാദ പരാമര്‍ശവുമായി ആര്‍ എസ് എസ് നേതാവ് എത്തിയിരിക്കുന്നത്.

ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കും മൂല്യങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നുണ്ട്. ആള്‍ക്കൂട്ട കൊലപാതകം സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപിക്കപ്പെടേണ്ടത് തന്നെയാണ്. ഇതേസമയം, മറ്റു മതക്കാരും പശുവിനെ കൊല്ലുന്നത് പാപമായി കാണണം. ഗോവധത്തെ അവരും തടയണം. യേശു ജനിച്ചത് ഒരു കാലിത്തൊഴുത്തിലായിരുന്നു. അതുകൊണ്ടാണ് അവര്‍ പശുവിനെ മാതാവായി കാണുന്നത്. മക്ക മദീനയിലും പശുവിനെ കൊല്ലുന്നത് കുറ്റകരമാണ്. ലോകത്തിലെ ഒരു മതവും പശുവിനെ കൊല്ലുന്നതിന് അനുമതി നല്‍കുന്നില്ല. പശുവിനെ കൊല്ലാതിരുന്നാല്‍ എല്ലാ പ്രശ്‌നവും അവസാനിക്കും. ആള്‍ക്കൂട്ട കൊലകളും സ്വയം ഇല്ലാതാകും.’ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആള്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന കാടത്തത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്‍.എസ്.എസ് നേതാവ്.

സമൂഹം ശരിയായ മൂല്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും ആര്‍.എസ്.എസ് നേതാവ് ചൂണ്ടിക്കാട്ടി.