ജനകീയ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ മിണാലൂര്‍ കുറ്റിയങ്കാവ് റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമായി

May 17, 2018 0 By Editor

വടക്കാഞ്ചേരി: മിണാലൂര്‍ കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപം പുതുതായി നിര്‍മിച്ച റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമായി. സ്ഥിരമായി അടച്ചിടാന്‍ തീരുമാനമെടുത്ത മിണാലൂര്‍ റെയില്‍വേ ഗെയ്റ്റ് ഒഴിവാക്കി വാഹനയാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ് മിണാലൂര്‍ അടിപ്പാത നിര്‍മിച്ചത്. ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അടിപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്.

നാലര കോടി രൂപ ചെലവഴിച്ചാണ് അടിപ്പാത യാഥാര്‍ഥ്യമാക്കിയത്. തൃശൂര്‍, ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ മിണാലൂര്‍ ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതു വരെ വാഹനങ്ങള്‍ കടന്നു പോയിരുന്നത് ഈ റോഡിലൂടെയായിരുന്നു.

ബൈപ്പാസ് തുറന്നതോടെ മിണാലൂര്‍ റെയില്‍വേ ഗെയ്റ്റും അടക്കാന്‍ തീരുമാനമായി. ഇതോടെ മിണാലൂര്‍ നിവാസികള്‍ ബന്ദികളായ നിലയിലായി. തൊട്ടടുത്ത അത്താണിയിലെത്താന്‍ പോലും കിലോമീറ്ററുകള്‍ ചുറ്റിവളയേണ്ട അവസ്ഥയും സംജാതമായി. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതോടെ അതു വലിയ പ്രക്ഷോഭമായി വളര്‍ന്നു.

ഇതിനൊടുവിലാണ് അടിപ്പാത നിര്‍മാണത്തിനു തുടക്കമായത്. കുറ്റിയങ്കാവ് ക്ഷേത്രത്തിനു മുന്നിലാണ് അടിപ്പാത നിര്‍മിച്ചിട്ടുള്ളത്. ഇനി സൗന്ദര്യവത്കരണ പ്രവൃത്തികള്‍ മാത്രമാണ് അവശേഷിക്കുന്നത്. അടിപ്പാതയ്ക്കു സമീപമുള്ള സ്ഥലത്തു വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ മനോഹരമാക്കുന്നതിനും പദ്ധതിയുണ്ട്. അടിപ്പാതയുടെ ഉദ്ഘാടനം ഇന്നു രാവിലെ 9.30നു ഡോ. പി.കെ.ബിജു എംപി നിര്‍വഹിച്ചു. അനില്‍ അക്കര എംഎല്‍എ അധ്യക്ഷത വഹിച്ചു.