ജസ്റ്റിസ് ലോയയുടേത് സ്വാഭാവിക മരണം: പ്രത്യേക അന്വേഷണം ആവശ്യമില്ല, ഹര്‍ജികളെല്ലാം കോടതി തള്ളി

April 19, 2018 0 By Editor

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഹര്‍ജി തള്ളി കൊണ്ട് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ലോയയുടെ സഹവര്‍ത്തികളായിരുന്ന നീതിന്യായ ഉദ്യോഗസ്ഥരുടെ മൊഴികളെ സംശയത്തിന്റെ നിഴലില്‍ നിറുത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സാമൂഹിക പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനാവാല, മഹാരാഷ്ട്രയിലെ മാദ്ധ്യമ പ്രവര്‍ത്തകനായ ബി.എസ് ലോണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കം പല ഉന്നതരും ഉള്‍പ്പെട്ട കേസായതിനാല്‍ ജുഡീഷ്യറിയില്‍ നിന്നു പോലും അട്ടിമറി ശ്രമങ്ങള്‍ ഉണ്ടാകുന്നതായി കാണിച്ചാണ് സ്വതന്ത്ര അന്വേഷണത്തിന് ഹര്‍ജി നല്‍കിയത്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ഒരാളെ മാത്രം ഉന്നം വച്ചുള്ളതാണ് ഇത്തരം ഹര്‍ജികളെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട ഷൊറാബുദ്ദീന്‍ ഷെയ്ക്കിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജിയായിരുന്നു ബി.എച്ച്.ലോയ. കേസിനിടയില്‍ 2014 ഡിസംബര്‍ ഒന്നിനാണ് ദുരൂഹ സാഹചര്യത്തില്‍ ലോയ മരിക്കുന്നത്. ഹൃദയ സ്തംഭനമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോയയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തു വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന പ്രസ്താവനയുമായി ലോയയുടെ മകന്‍ രംഗത്തെത്തുകയും ചെയ്തു.