കെ. കരുണാകരനെ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നു: നമ്പി നാരായണന്‍

കെ. കരുണാകരനെ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നു: നമ്പി നാരായണന്‍

September 19, 2018 0 By Editor

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കെ. കരുണാകരനെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനു വേണ്ടിയാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. നീതികിട്ടാതെയാണ് മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ മരിച്ചതെന്ന് കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കി. ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മില്‍ നിന്നും കരുണാകരന്‍ യു.ഡി.എഫ് പാളയത്തിലെത്തിച്ച എം.വി രാഘവനും കെ.ആര്‍ ഗൗരിയമ്മയും മാത്രമാണ് പ്രതിസന്ധി ഘട്ടത്തില്‍ കരുണാകരനെ തുണച്ചത്. പ്രധാനമന്ത്രി പി.വി നരസിംഹറാവു നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥനായ കരുണാകരന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഭീഷണിയാകുമെന്നു കണ്ട് കരുണാകരനെ മാറ്റാനുള്ള നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി.

കരുണാകരനെ മാറ്റാന്‍ അവസാന അടവായാണ് ചാരക്കേസ് ഉയര്‍ത്തികൊണ്ടുവന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ മേല്‍ക്കൈ ഉണ്ടായിട്ടും ലീഗും കേരള കോണ്‍ഗ്രസുമടക്കമുള്ള ഘടകകക്ഷികളെ ഇറക്കിയാണ് ഒടുവില്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഇറക്കിയത്. കേന്ദ്ര ഭക്ഷ്യ മന്ത്രി സ്ഥാനം രാജിവെച്ച എ.കെ ആന്റണിയെ പ്രത്യേക വിമാനത്തിലെത്തിച്ച് മുഖ്യമന്ത്രിയാക്കിയപ്പോള്‍ കരുണാകരന്‍ തഴഞ്ഞ ആര്യാടനും വി.എം സുധീരനും മന്ത്രിമാരായി.

കരുണാകരെ കണ്ണീരിലാഴ്ത്തി മുഖ്യമന്ത്രി പദമേറിയ എ.കെ ആന്റണി പിന്നീട് 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റുമായി കോണ്‍ഗ്രസ് ചരിത്രത്തിലെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു പോകേണ്ടി വന്നു.