കടല്‍ക്ഷോഭം: കരയ്ക്കടിഞ്ഞ മാലിന്യങ്ങളാല്‍ വൃത്തിഹീനമായി കോഴിക്കോട് ബീച്ച്

കടല്‍ക്ഷോഭം: കരയ്ക്കടിഞ്ഞ മാലിന്യങ്ങളാല്‍ വൃത്തിഹീനമായി കോഴിക്കോട് ബീച്ച്

June 25, 2018 0 By Editor

കോഴിക്കോട്: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കരയ്ക്കടിഞ്ഞ മാലിന്യങ്ങള്‍ ഒരാഴ്ചയായിട്ടും ബീച്ചില്‍ നിന്നും നീക്കം ചെയ്തില്ല. മണല്‍പ്പരപ്പ് നിറയെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇവിടെയെത്തുന്നവര്‍ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണുള്ളത്. സൗത്ത് ബീച്ചുമുതല്‍ ഭട്ട്‌റോഡ് വരെ നീളുന്ന തീരത്താണ് പായലുകളും മാംസാവശിഷ്ടങ്ങളുമെല്ലാം അടിഞ്ഞുകൂടിയിരിക്കുന്നത്.

ബീച്ച് ആശുപത്രിക്കു മുന്നിലെ ഭാഗത്ത് മാലിന്യം കഴിഞ്ഞദിവസം കൂട്ടിയിട്ടിട്ടുണ്ട്. എന്നാല്‍ ഇതു നീക്കം ചെയ്തിട്ടില്ല. ബീച്ച് ഓപ്പണ്‍ സ്റ്റേജിനു സമീപത്ത് അടിഞ്ഞ പായലുകളും മറ്റും ഇപ്പോഴും പരന്നുകിടക്കുകയാണ്. കഴിഞ്ഞയാഴ്ചയുണ്ടായ കടല്‍ക്ഷോഭത്തിലാണ് കടലില്‍ നിന്നും മാലിന്യങ്ങള്‍ അടിച്ചുകയറിയത്.

പുഴകളില്‍ നിന്നും മറ്റും ഒഴുകിയെത്തിയ പായലുകളാണ് കൂടുതലായും കരയ്ക്കടിഞ്ഞത്. മഴയില്ലാത്ത സായാഹ്നങ്ങളില്‍ ബീച്ചിലെത്തുന്ന ആയിരക്കണക്കിനാളുകളെയാണ് മാലിന്യക്കൂമ്പാരം ബുദ്ധിമുട്ടിലാക്കുന്നത്.