കടല്‍ക്ഷോഭം രൂക്ഷം: അതീവ ജാഗ്രതാ നിര്‍ദേശം

കടല്‍ക്ഷോഭം രൂക്ഷം: അതീവ ജാഗ്രതാ നിര്‍ദേശം

April 23, 2018 0 By Editor

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ഇന്നു പലര്‍ച്ചെ വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചു. രണ്ടര മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലര്‍ത്തണം.

കേരളത്തില്‍ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ ഇന്നു രാത്രി 11.30 വരെയാണ് അതിശക്തമായ തിരമാലകള്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുള്ളത്. തീരത്തോടടുത്താണ് പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. അതിനാല്‍ ബോട്ടുകള്‍ തീരത്തുനിന്നു കടലിലേക്കും കടലില്‍നിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ തീരപ്രദേശത്ത് ഉണ്ടായ കടലാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി. നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.