കലൈജ്ഞറെ അവസാനമായി കാണാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് രണ്ട് പേര്‍ മരിച്ചു

August 8, 2018 0 By Editor

ചെന്നൈ: എം.കരുണാനിധിയുടെ മൃതദേഹം കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലുമാണ് രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായത്. എംജിആര്‍ നഗര്‍ സ്വദേശിയായ സെന്‍ബാംഗം (60) ആണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

രാജാജി ഹാളിലെ പൊതുദര്‍ശനത്തിനിടയില്‍ ഒരുവേള പോലീസ് സുരക്ഷ ക്രമീകരണങ്ങള്‍ കുറച്ചതാണ് പൊതുജനം മൃതദേഹത്തിന് അടുത്തേക്ക് ഇരച്ചെത്താന്‍ കാരണമായത്. ഡിഎംകെ നേതാക്കളും ബന്ധുക്കളും ഉന്തിലും തള്ളിലും പെട്ടു. പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങിയതിന് പിന്നാലെയാണ് പോലീസ് സുരക്ഷ കുറച്ചത്. പോലീസിന്റെ ഈ നടപടിക്ക് പിന്നില്‍ സര്‍ക്കാര്‍ ഇടപെടലാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു.

ആളുകള്‍ ക്ഷമയോടെ നില്‍ക്കണമെന്നും സംയമനം പാലിക്കണമെന്നും എം.കെ.സ്റ്റാലിന്‍ മൈക്കിലൂടെ ആഹ്വാനം ചെയ്തു. വിഐപി വഴിയിലൂടെ വരെ ജനങ്ങള്‍ ഇരച്ചുകയറിയതോടെ പോലീസ് ലാത്തിവീശി പലരെയും ഓടിച്ചു. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.