കനത്ത മഴയില്‍ ചെളി അടിഞ്ഞ് ദുര്‍ഗന്ധ വമിച്ച് കല്ലായിപ്പുഴ

കനത്ത മഴയില്‍ ചെളി അടിഞ്ഞ് ദുര്‍ഗന്ധ വമിച്ച് കല്ലായിപ്പുഴ

July 23, 2018 0 By Editor

കോഴിക്കോട്: മഴ കനത്തതോടെ കല്ലായിപ്പുഴയോടുചേര്‍ന്നഭാഗങ്ങളില്‍ ചെളി അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നു. കല്ലായി പ്പാലത്തിനും സമീപ പ്രദേശങ്ങളിലും കോതി അഴിമുഖത്തുമാണ് ചെളിക്കെട്ട്. ഇതോടെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ചെറിയ വള്ളങ്ങള്‍പോലും പുഴയിലേക്ക് ഇറക്കാന്‍ കഴിയാതെയായി.

കഴിഞ്ഞ ദിവസം തൊഴിലാളികള്‍ രംഗത്തിറങ്ങി ചെളി നീക്കം ചെയ്തു. മഴ തുടര്‍ന്നാല്‍ വീണ്ടും ഇതുതന്നെയാകും അവസ്ഥയെന്ന് ഇവര്‍ പരാതിപ്പെടുന്നു.പലയിടത്തും ചെളിത്തിട്ടകള്‍ രൂപം കൊണ്ടിട്ടുണ്ട്. സമീപത്തെ മരമില്ലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂടി കുന്നുകൂടിയതോടെ ഈ ഭാഗത്തേക്ക് അടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കോതി അഴിമുഖത്ത് വര്‍ഷങ്ങളായി അടിഞ്ഞ് കൂടിയ ചെളിയാണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. ഇതിനേക്കാള്‍ കഷ്ടമാണ് മറ്റിടങ്ങങ്ങളില്‍.

കാലവര്‍ഷം ശക്തമായിട്ടും കല്ലായിപ്പുഴയില്‍ നീരൊഴുക്ക് കൂടിയിട്ടില്ല.അഴിമുഖത്തോട് ചേര്‍ന്ന് ചെളികെട്ടികിടന്ന് തുരുത്തുകള്‍ രൂപപെട്ടതാണ് വെള്ളം ഒഴുകി കടലില്‍ ചേരാന്‍ തടസമായിരുന്നത്.ഇതേത്തുടര്‍ന്ന് പുഴയോട് ചേര്‍ന്ന വീടുകളില്‍ വെള്ളം കയറി. യന്ത്രങ്ങള്‍ ഉപയോഗിച്ച് ചെളി നീക്കം ചെയ്യുമെന്ന് കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ഈ സാഹചര്യത്തിലാണ് മത്സ്യതൊഴിലാളികള്‍ രംഗത്തെത്തിയത്.പുലിമുട്ടിന്റെ നിര്‍മാണത്തിലെ അശാ സ്ത്രീയതയാണ് വന്തോതില്‍ ചെളി അടിയാന്‍ കാരണമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.