കനത്ത നാശം വിതച്ച് മംഖൂട്ട് ചുഴലിക്കാറ്റ് ; ചൈനയില്‍ 12പേര്‍ മരണപ്പെട്ടു

കനത്ത നാശം വിതച്ച് മംഖൂട്ട് ചുഴലിക്കാറ്റ് ; ചൈനയില്‍ 12പേര്‍ മരണപ്പെട്ടു

September 18, 2018 0 By Editor

ബീജിങ്:കനത്ത നാശം വിതച്ച മംഖൂട്ട് ചുഴലിക്കാറ്റ് ചൈനയില്‍ 12പേര്‍ മരണപ്പെട്ടു.  ദക്ഷിണചൈനയില്‍ 43 ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഞായറാഴ്ചയാണ് മംഖൂട്ട് ചൈനയിലും നാശം വിതച്ചത്. ജിയാങ്‌മെന്‍ നഗരത്തില്‍ വീശിയടിച്ച കാറ്റിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തിയതായും റിപ്പോര്‍ട്ടുണ്ട്.

മണിക്കൂറില്‍ 162 കിലോമീറ്റര്‍ വേഗത്തില്‍ ചീറ്റിയിടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി. മരം പൊട്ടിവീണാണ് മൂന്നുപേര്‍ മരിച്ചത്. ഗുവാങ്‌സുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമടക്കം തകര്‍ന്നു. 460 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. നിര്‍മാണപ്രവൃത്തി നടക്കുന്ന മുപ്പതിനായിരത്തിലേറെ കേന്ദ്രങ്ങളും അടച്ചുപൂട്ടി. ദക്ഷിണ ചൈനയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിലായി നൂറിലേറെ ആള്‍ക്കാരെ കാണാതായതായി . രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളായ ഗുവാങ്‌സു, ഷെന്‍സന്‍ എന്നിവ താല്‍ക്കാലികമായി അടച്ചു. അതിവേഗ ട്രെയിന്‍ സര്‍വീസടക്കം ആയിരത്തിലേറെ റെയില്‍പാതകളിലും താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചു. അയ്യായിരത്തിലേറെ മത്സ്യബന്ധനബോട്ടുകള്‍ തിരിച്ചുവിളിച്ചു. ചൊവ്വാഴ്ചവരെ മംഖൂട്ട് ചൈനയില്‍ വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു.ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധിപേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 68 പേരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് ഫിലിപ്പീന്‍സില്‍ മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായത്. ഇറ്റഗോണ്‍ ടൗണില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 32 കുടുംബങ്ങള്‍ മണ്ണിനകത്ത് അകപ്പെട്ടു. മണ്ണിടിച്ചിലുണ്ടായതിന് എതിര്‍വശത്ത് കുഴിയെടുത്ത് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ദുരന്തനിവാരണസേന അധികൃതര്‍ അറിയിച്ചു