കഞ്ചാവ് കച്ചവടം പിടികൂടാനെത്തിയ പൊലീസുകാരനെ നായയെ അഴിച്ചുവിട്ടു കടിപ്പിച്ച ആള്‍ പിടിയില്‍

കഞ്ചാവ് കച്ചവടം പിടികൂടാനെത്തിയ പൊലീസുകാരനെ നായയെ അഴിച്ചുവിട്ടു കടിപ്പിച്ച ആള്‍ പിടിയില്‍

August 28, 2018 0 By Editor

മുണ്ടക്കയം: കഞ്ചാവ് കച്ചവടം പിടികൂടാനെത്തിയ പൊലീസുകാരനെ വളര്‍ത്തുനായയെ അഴിച്ചുവിട്ടു കടിപ്പിച്ച കേസില്‍ നാല്‍പതുകാരന്‍ അറസ്റ്റില്‍.മുണ്ടക്കയം, പാറേലമ്ബലത്തിനുസമീപം കല്ലുതൊട്ടി പുരയിടത്തില്‍ സാജന്‍(കൊച്ചുചെറുക്കന്‍40)നെയാണ് കാഞ്ഞിരപ്പളളി ഡിവൈഎസ്പി മധുസുദനന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം എസ്പി സ്‌പെഷ്യല്‍ സ്‌ക്വാഡും മുണ്ടക്കയം പൊലീസും ചേര്‍ന്നു പിടികൂടിയത്.

സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ദീര്‍ഘകാലമായി മേഖലയില്‍ കഞ്ചാവു കച്ചവടം നടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു ഇക്കഴിഞ്ഞ 25ന് ഉച്ചക്ക് ഒരുമണിയോടെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗം എഎസ്‌ഐ എടിഎം നൗഷാദിന്റെ നേതൃത്വത്തില്‍ സാജന്റെ വീട്ടിലെത്തുകയായിരുന്നു. പൊലീസിനെ കണ്ട ഇയാള്‍ തുടലില്‍ പൂട്ടിയിരുന്ന നായയെ അഴിച്ചുവിട്ട ശേഷം ഓടി രക്ഷപെട്ടു. നായയുടെ അക്രമത്തില്‍ പരിക്കേറ്റ നൗഷാദിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതിനിടയില്‍ തിങ്കളാഴ്ച ഉച്ചയോടെ മുണ്ടക്കയം എസ്‌ഐ കെഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ എത്തിയ പൊലീസ് പരിശോധന നടത്തുന്നതിനിടയില്‍ തൊട്ടടുത്ത മുറിയില്‍ ഒളിച്ചിരുന്ന നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.

പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണന്നും മുമ്ബ് ഗുണ്ടാ പട്ടികയില്‍ ഉള്‍പെട്ടിട്ടുളളയാളാണന്നും ഇതിന്റെ പേരില്‍ നാടുകടത്തല്‍ ശിക്ഷാ നടപടിക്കുവിധേയനായിട്ടുണ്ടന്നും പൊലീസ് അറിയിച്ചു.കമ്ബത്തുനിന്നും കൊണ്ടുവരുന്ന കഞ്ചാവ് മേഖലയില്‍ ചില്ലറവില്‍പ്പന നടത്തുന്ന ഇയാളെ തേടി രാത്രിയും പകലും നിരവധിയാളുകള്‍ വീട്ടിലെത്താറുണ്ട്.കഞ്ചാവു വാങ്ങാനെത്തുന്നവരെ പരിസരവാസികള്‍ തിരിച്ചയക്കാറുണ്ടന്നും പൊലീസ് പറഞ്ഞു.

മുമ്ബും ഇയാള്‍ പട്ടിയെ അഴിച്ചുവിട്ടു പൊലീസുകാരെ കടിപ്പിച്ചിട്ടുണ്ട്.കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കിയ സാജനെ റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ ടിഎം നൗഷാദ് സിനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെഐ നവാസ്, സാജു പി മാത്യു, ശ്യാം എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.