കണ്ണൂര്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം: മൂന്ന് ആര്‍എസ്എസുക്കാര്‍ അറസ്റ്റില്‍

കണ്ണൂര്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം: മൂന്ന് ആര്‍എസ്എസുക്കാര്‍ അറസ്റ്റില്‍

July 3, 2018 0 By Editor

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെല്ലൂന്നിയിലെ പി.വി.സച്ചിന്‍ (24), മട്ടന്നൂര്‍ കൊക്കയിയെ കെ.വി.സുജി (21), നീര്‍വേലിയിലെ പി.വി.വിജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്നു രാവിലെ മൂന്നു പേരെയും അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സി.ഐ ജോഷി ജോസും സംഘവും ചേര്‍ന്നു അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷനിലെത്തിച്ചതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഒമ്ബതു ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച വൈകിട്ട് 3.15 ഓടെ മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ പഴയ മദ്യഷോപ്പിനു സമീപത്തുണ്ടായ അക്രമത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. കൈക്കും വയറിനും വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകരും പുലിയങ്ങോട്, ഇടവേലിക്കല്‍ സ്വദേശികളുമായ പി. ലനീഷ് (32), പി. ലതീഷ് (28), ടി.ആര്‍.സായൂഷ് (34), എന്‍.ശരത്ത് (28) എന്നിവര്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ലനീഷ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മറ്റുള്ളവര്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

പരിക്കേറ്റവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നത്. സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം അക്രമികളില്‍ നാലുപേര്‍ ഒരു ബൈക്കില്‍ കയറി പോകുന്ന സി.സി.ടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇതില്‍ നിന്നു പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് മൂന്നു പേരെ അറസ്റ്റു ചെയ്തത്.

സി.പി.എം പ്രവര്‍ത്തകര്‍ ഇരിട്ടി റോഡിലുള്ള പെട്രോള്‍ പമ്ബിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം കാറിനു കുറുകെ ബൈക്കിടുകയും ആക്രമിക്കുകയുമായിരുന്നു. കാര്‍ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘം വാള്‍ ഉപയോഗിച്ചു കാറിലുണ്ടായിരുന്ന നാലു പേരെയും കുത്തുകയും വെട്ടുകയുമായിരുന്നു. സംഭവത്തിനു ശേഷം അക്രമികള്‍ ഒരു ബൈക്ക് സംഭവ സ്ഥലത്തും വെട്ടാന്‍ ഉപയോഗിച്ച വാള്‍ ആശ്രയ ഹോസ്പിറ്റലിനു സമീപവും ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ പങ്കുള്ള മറ്റുള്ളവരെക്കുറിച്ചു പൊലീസ് അന്വേഷണം നടത്തി വരികയാണ്. അറസ്റ്റിലായ പ്രതികളെ ഇന്നു മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കും.