കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

September 19, 2018 0 By Editor

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിന് ഇനി ഒരു കടമ്ബ കൂടിയേ മറികടക്കാന്‍ ബാക്കിയുള്ളൂ. അത് വലിയ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലാണ്. വ്യാഴാഴ്ച കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാവിമാനം പറന്നിറങ്ങും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ്ങ് 738 വിമാനമാണ് പരീക്ഷണ പറക്കലിന് ഉപയോഗിക്കുന്നത്. മൂന്ന് മണിക്കൂറോളം നേരം വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ നടത്തും. വിമാനം ആറ് തവണയാണ് ലാന്‍ഡിങ്ങ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് രാവിലെ 9ന് വിമാനം പരീക്ഷണ പറക്കിലിന് വേണ്ടി കണ്ണൂരിലേക്ക് പുറപ്പെടും. കണ്ണൂരില്‍ പത്ത് മണിയോടെ വിമാനമെത്തും. ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാണ് വിമാനം പരീക്ഷണപ്പറക്കല്‍ നടത്തുക. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടര്‍ന്നാണിത് തയ്യാറാക്കിയത്. പരീക്ഷണ പറക്കലിന് ശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് അന്തിമ അനുമതി നല്‍കുക.

അന്തിമ അനുമതി നല്‍കുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ ഡിജിസിഎയുടെ പരിശോധന പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ പരിശോധന ബുധനാഴ്ച വൈകിട്ടോടെ പൂര്‍ത്തിയാക്കും. വിമാനത്താവളത്തിലെ അഗ്‌നിശമനാ സംവിധാനങ്ങള്‍, റണ്‍വേയിലെ സൂചകങ്ങള്‍, ലൈറ്റുകള്‍ എന്നിവയാണ് പരിശോധിക്കുന്നത്. ഏത് കാലാവസ്ഥയിലും വിമാത്താവളം പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സാണ് കണ്ണൂരിന് ലഭിക്കേണ്ടത്.