കണ്ണൂരില്‍ എയര്‍ ഇന്ത്യ വിമാനമിറങ്ങി

കണ്ണൂരില്‍ എയര്‍ ഇന്ത്യ വിമാനമിറങ്ങി

September 20, 2018 0 By Editor

കണ്ണൂര്‍: കേരളത്തിന്റെ വ്യോമയാന വികസനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈസന്‍സിനുള്ള അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായി. പരീക്ഷണാര്‍ത്ഥം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിംഗ് 737 വിമാനം ഇന്ന് രാവിലെ റണ്‍വേ തൊട്ടു. കൊച്ചിയില്‍ നിന്നും രാവിലെ 9 മണിയോടെ തിരിച്ച വിമാനം അല്‍പം മുമ്പാണ് വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങിയത്. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടര്‍ന്നു തയാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാണു വിമാനം ഇറങ്ങിയത്.

ഏത് കാലാവസ്ഥയിലും ഏത് സമയത്തും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ വിദഗ്ധര്‍ നടത്തിവന്ന പരിശോധനകള്‍ പൂര്‍ത്തിയായി. എയര്‍ട്രാഫിക് സ്റ്റേഷനടക്കമുള്ള സംവിധാനങ്ങള്‍ ഇന്നലെ പരിശോധിച്ചു.ആദ്യഘട്ടത്തില്‍ വിമാനത്താവളം പൊതുവായി നിരീക്ഷിച്ചശേഷം ഓപ്പറേറ്റിംഗ് ഭാഗമാണ് പരിശോധനക്ക് വിധേയമാക്കിയത്.

റണ്‍വേ, റണ്‍വേ ലൈറ്റ്, ഏപ്രണ്‍, ഡി.വി.ഒ.ആര്‍, ഐസൊലേഷന്‍ ബേ, ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവയൊക്കെ പരിശോധിച്ചു. വിമാനത്താവളവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ രേഖകളും ടെര്‍മിനല്‍ തുടങ്ങിയവയുടെ പരിശോധനയും നടത്തി. ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ ഈ ആഴ്ചയില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ കിയാലിന് ഉറപ്പുനല്‍കിയിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ ഒക്ടോബര്‍ അവസാനം വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. നവംബര്‍ മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസുകള്‍ തുടങ്ങിയേക്കും.