കന്യാസ്ത്രീയ്ക്കും കുടുംബത്തിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയ്ക്കും കുടുംബത്തിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

September 18, 2018 0 By Editor

കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്കും കുടുംബത്തിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണ് കന്യാസ്ത്രീ. കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും ബിഷപ്പ് ആരോപിച്ചു. ഹൈക്കോടതിയില്‍ നല്‍കാനായി തയ്യാറാക്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ബിഷപ്പിന്റെ ആരോപണങ്ങള്‍.

കന്യാസ്ത്രീയും കുടുംബവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി. കേരളത്തില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മഠത്തിലെ ശല്യക്കാരിയായതിനാല്‍ കന്യാസ്ത്രീയെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. ഇതാണ് തന്നോട് കന്യാസ്ത്രീയ്ക്ക് വിരോധം ഉണ്ടാകാന്‍ കാരണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെ പൊലീസിന് നല്‍കിയ ആദ്യമൊഴിയില്‍ ലൈംഗികമായി പഡീപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. കന്യാസ്ത്രീ നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്ന് പൊലീസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി. കേസില്‍ ഇപ്പോള്‍ നടക്കുന്നത് മാദ്ധ്യമ വിചാരണയാണ്. ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ തന്നെ ക്രൂശിക്കാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ബിഷപ്പ് ആരോപിച്ചു.

പീഡനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വേണ്ടി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. നാളെ ചോദ്യം ചെയ്യും. ബിഷപ്പിന്റെ കൂടെ ജലന്ധറില്‍ നിന്നും രൂപത പി.ആര്‍.ഒയും അടുത്ത അനുയായിയുമായ ഫാദര്‍ പീറ്ററൂം ഉണ്ടാകും.