കാരന്തൂർ മർകസുസ്സഖാഫത്തുസ്സുന്നിയ്യയിൽ നിന്നുള്ള മലിന ജലം സമീപത്തെ  നടവഴിയിലേക്ക് തുറന്ന് വിടുന്നതായി പരാതി

കാരന്തൂർ മർകസുസ്സഖാഫത്തുസ്സുന്നിയ്യയിൽ നിന്നുള്ള മലിന ജലം സമീപത്തെ നടവഴിയിലേക്ക് തുറന്ന് വിടുന്നതായി പരാതി

June 26, 2018 0 By Editor

കോഴിക്കോട് : കാരന്തൂർ മർകസുസ്സഖാഫത്തുസ്സുന്നിയ്യയിൽ നിന്നുള്ള മലിന ജലം സമീപത്തെ നടവഴിയിലേക്ക് തുറന്ന് വിടുന്നതായി നാട്ടുകാരുടെ പരാതി. മാലിന്യസംസ്‌കരണ പ്ലാന്റിൽ നിന്നുള്ള അഴുക്കുജലമാണ്, കുന്ദമംഗലം കുന്നത്ത്, പന്തലിങ്ങൽ, കുളത്തിൽ പ്രദേശത്തുള്ള മുപ്പതോളം വീട്ടുകാർ ഉപയോഗിക്കുന്ന വഴിയിലേക്ക് തുറന്ന് വിടുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മഴപെയ്യുന്ന സമയങ്ങളിലൊക്കെ ഇങ്ങനെയുണ്ടാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഒഴുക്കിവിടുന്ന മാലിന്യം മഴവെള്ളത്തോടൊപ്പം സമീപത്തെ വയലിലേക്ക് ഒഴുകിപ്പോകാറാണ് പതിവ്. എന്നാൽ വ്യാഴാഴ്ച മഴ പെട്ടെന്ന് നിലച്ചതോടെയാണ് ഈ മലിനജലം ഒഴുകിപ്പോകാതെ വഴിയിൽ കെട്ടിക്കിടന്നത്. ഈ പ്രദേശത്തുള്ളവർ നിരവധി തവണ നേരിട്ടെത്തി പരാതി പറഞ്ഞിരുന്നെങ്കിലും ഇവരോട് ധിക്കാരപരമായ സമീപനമാണ് മർകസ് അധികൃതർ സ്വീകരിച്ചരുന്നത്. നേരത്തെ, ഇങ്ങനെ ഒഴുക്കിവിട്ട മാലിന്യം മർകസിന്റെ ഗേറ്റിന് മുന്നിൽകൊണ്ടിട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.കാന്തപുരത്തിന്റെയും മർകസിന്റെയും രാഷ്ട്രീയ സ്വാധീനം മൂലമാണ് അധികൃതർ നടപടിയെടുക്കാത്തതെന്നും നാട്ടുകാർ ആരോപിക്കുന്നു.