കാശ്മീര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സാധ്യത

കാശ്മീര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സാധ്യത

September 12, 2018 0 By Editor

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സാധ്യത. ഒക്‌ടോബര്‍ ആദ്യ ആഴ്ച്ചയായിരുന്നു തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് അനിശ്ചിതത്വത്തിലാക്കിയത്. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയുമാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.

കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ സംരക്ഷിക്കുന്നതു സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നതുവരെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല എന്നായിരുന്നു പാര്‍ട്ടികളുടെ തീരുമാനം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഉപദേശക സമിതി ആണ് വിഷയത്തില്‍ ഔദ്യോഗിക തീരുമാനം എടുക്കുക. ബഹിഷ്‌ക്കരണ തീരുമാനത്തില്‍ നിന്ന് പ്രധാന പാര്‍ട്ടികള്‍ പിന്‍മാറുമോ എന്നറിയാന്‍ കൂടുതല്‍ സമയം അനുവദിക്കാനാണ് കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പി.ഡി.പി നേതൃത്വത്തിലുള്ള സര്‍ക്കാറിന് ബി.ജെ.പി നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെയാണ് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.