കത്വവ കേസ്:എട്ടുവയയുകാരിക്ക് നല്‍കിയത് മാരകമായ ലഹരിവസ്തുക്കളും മാനസികരോഗികളുടെ ഗുളികയും, മനസാക്ഷിയെ ഞെട്ടിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്ത്

കത്വവ കേസ്:എട്ടുവയയുകാരിക്ക് നല്‍കിയത് മാരകമായ ലഹരിവസ്തുക്കളും മാനസികരോഗികളുടെ ഗുളികയും, മനസാക്ഷിയെ ഞെട്ടിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്ത്

June 25, 2018 0 By Editor

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വവയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി മരിക്കും മുന്‍പ് ചുണ്ടനക്കം പോലും സാധിക്കാത്ത വിധം നിശ്ചലമായിരുന്നെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. കുരുന്നു ശരീരത്തിനു താങ്ങാനാകുന്നതിലധികം ഡോസ് മയക്കുമരുന്ന് നല്‍കിയതു മൂലമാണു പെണ്‍കുട്ടി ചുണ്ടനക്കാന്‍ പോലും കഴിയാത്ത വിധം നിശ്ചലമായതെന്നാണു ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കഞ്ചാവിനു ബദലായി ഉപയോഗിക്കുന്ന ‘മന്നാര്‍’ എന്ന ലഹരി മിഠായിയും മാനസികരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എപിട്രില്‍ 0.5 മില്ലിഗ്രാം ഗുളികയുമാണു പ്രതികള്‍ ബലപ്രയോഗത്തിലൂടെ കുട്ടിക്കു നല്‍കിയിരുന്നത്. ഭക്ഷണം കഴിക്കാതെ എട്ടുവയസുള്ള കുട്ടിക്ക് ഈ ലഹരി വസ്തുക്കള്‍ നല്‍കിയാല്‍ ഫലം എന്തായിരിക്കുമെന്നു ക്രൈംബ്രാഞ്ചിന് അറിയേണ്ടിയിരുന്നു. ഇതിനായി പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് കോമയിലേക്കോ അല്ലെങ്കില്‍ അനങ്ങാന്‍ പോലും സാധിക്കാത്ത വിധം മരവിച്ച (ഷോക്ക്) അവസ്ഥയിലേക്കോ തള്ളിവിടും വിധം സ്വാധീനമാണു മയക്കുമരുന്ന് ഉണ്ടാക്കിയതെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വന്നത്. അതിക്രൂരമായ പീഡനത്തിനിരയായിട്ടും പെണ്‍കുട്ടി ബഹളമുണ്ടാക്കിയില്ലെന്ന വാദം പ്രതികളും സമൂഹമാധ്യമങ്ങള്‍ വഴി ചിലരും ഉന്നയിച്ചിരുന്നു.

ഈ ചോദ്യം കോടതിയിലും ഉന്നയിക്കപ്പെടുമെന്നു മനസിലാക്കിയാണ് അന്വേഷണസംഘം മെഡിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തേടിയത്. പെണ്‍കുട്ടിക്കു നല്‍കിയിരുന്ന എപിട്രില്‍ 0.5 മരുന്നില്‍ ക്ലോനാസെപാം സോള്‍ട്ട് എന്ന രാസവസ്തു അടങ്ങിയിരുന്നു. ഇത് സ്വീകരിക്കുന്നയാളുടെ പ്രായവും ഭാരവും വരെ പരിശോധിച്ചതിനുശേഷം മാത്രം വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നല്‍കേണ്ടതാണ്. കൊല്ലപ്പെട്ട കുട്ടിക്ക് 30 കിലോഗ്രാം മാത്രമായിരുന്നു ഭാരം. നല്‍കിയതാകട്ടെ ക്ലോനാസെപാം അടങ്ങിയ അഞ്ചു ഗുളികകളും.

ഭക്ഷണം കഴിച്ചിട്ടു പോലും ഈ ഗുളിക അമിതമായി കഴിക്കുന്നത പ്രശ്‌നമാണ്. ഒഴിഞ്ഞ വയറ്റില്‍ ഗുളിക കഴിക്കേണ്ടിവന്ന പെണ്‍കുട്ടിയുടെ ദുരിതം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഗുളികയ്‌ക്കൊപ്പം മറ്റു ലഹരിവസ്തുക്കള്‍ ഉപയോഗിക്കാനും പാടില്ല. എന്നാല്‍, പെണ്‍കുട്ടിക്ക് കഞ്ചാവിനു പകരമായി ഉപയോഗിക്കുന്ന മന്നാര്‍ ലഹരി മിഠായിയും നല്‍കി. ഗുളിക ഉള്ളില്‍ച്ചെന്നതോടെ കുട്ടി ആദ്യം മയക്കത്തിലേക്കു വീണു. പിന്നെ ചുറ്റുമുള്ളതൊന്നും തിരിച്ചറിയാന്‍ പറ്റാതായി. ചെറുതായി ശരീരം വിറയ്ക്കാനും തുടങ്ങി. ശ്വാസം മന്ദഗതിയിലായി, ഒടുവില്‍ കോമയിലേക്കും കടന്നു.

കൊല്ലപ്പെടുത്തും മുമ്ബ് കുട്ടിയുടെ ശരീരം മരിച്ചതിനു തുല്യമായിരുന്നെന്നു വ്യക്തം. ഈ റിപ്പോര്‍ട്ട് അടുത്തയാഴ്ച ്രൈകം ബ്രാഞ്ച് പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. 2018 ജനുവരി 17 നാണു ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സമീപ ക്ഷേത്രത്തിലെ പൂജാരി സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്നിവരാണ് പ്രതികള്‍.