കേന്ദ്രം അനുവദിച്ച അരി ഏറ്റെടുക്കാന്‍ സംസ്ഥാനം വിമുഖത കാണിക്കുന്നു ; കണ്ണന്താനം

September 14, 2018 0 By Editor

തിരുവനന്തപുരം: കേരളം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം പുറംകാലുകൊണ്ട് തട്ടിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആരോപിച്ചു. ദുരിതബാധിതര്‍ക്ക് അടിയന്തരമായി അനുവദിച്ച അരി എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. പ്രളയക്കെടുതിയില്‍ ഉഴലുന്ന ജനങ്ങള്‍ ഒഴിഞ്ഞ വയറുമായി കഷ്ടപ്പെടുമ്പോള്‍ ടണ്‍ കണക്കിന് അരി ആര്‍ക്കും വേണ്ടാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ഭരണനിര്‍വഹണത്തിലെ വലിയ പിഴവാണ്. നെല്ലും കപ്പയും മാങ്ങയും ചക്കയും പച്ചക്കറികളുമൊക്കെ ആവശ്യത്തിന് ഉത്പാദിപ്പിച്ച് കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങള്‍ സമൃദ്ധമായി നിറവേറിയൊരു കാലമുണ്ടായിരുന്നു. ഇന്ന് പ്രളയക്കെടുതിയില്‍ ഒരു തുണ്ട് ബ്രെഡിന് വേണ്ടി ആഗ്രഹിക്കുന്ന ഒരു സാഹചര്യം വന്നു.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ ഇപ്പോഴും നട്ടം തിരിയുകയാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 89,540 ടണ്‍ അരി അധികമായി കേരളത്തിന് അനുവദിച്ചത്. ഈ അരി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ എത്തിയിട്ടും ഇതുവരെ അത് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒക്ടോബര്‍ മാസത്തിലേക്ക് അനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുക്കാനും സംസ്ഥാനം വിമുഖത കാണിക്കുകയാണെന്നും ബുധനാഴ്ചക്കുള്ളില്‍ അരി എടുത്തില്ലെങ്കില്‍ അത് നഷ്ട്ടമാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.