കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

July 25, 2018 0 By Editor

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂര്‍ നേരത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വെള്ളം ഇറങ്ങിയ പ്രദേശങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ഫലപ്രദമായ ശുചീകരണം നടത്തുന്നതിന് സ്വന്തം ഫണ്ട് തികയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ നല്‍കണമെന്ന കളക്ടറുടെ നിര്‍ദേശമനുസരിച്ച് ഫണ്ട് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ചു. ഇതനുസരിച്ച് ചെലവ് 2,310 കോടി രൂപയാകും. സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരിച്ച കണ്ണൂര്‍ ചെമ്പിലോട് കുടിവളപ്പ് വീട്ടില്‍ സതി, മകന്‍ രതീഷ്, വളപ്പട്ടണം മന്ന വി.പി. ഹൗസിലെ മുനീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപ വീതം നല്‍കാനും ധാരണയായിട്ടുണ്ട്.