കേരളത്തില്‍ ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ; പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടില്ല

September 8, 2018 0 By Editor

തിരുവനന്തപുരം: ഇന്ധനവിലവര്‍ധനക്കെതിരായ യു.ഡി.എഫ്, എല്‍.ഡി.എഫ് ഹര്‍ത്താല്‍ കേരളത്തില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ. പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. എന്നാല്‍, ദുരിതാശ്വാസപ്രവര്‍ത്തനത്തെ ബാധിക്കാതെയായിരിക്കും ഹര്‍ത്താലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസനും ഇടതുമുന്നണി സംസ്ഥാന കണ്‍വീനര്‍ എ. വിജയരാഘവനും പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും ഓഫിസുകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. വിവാഹം, ആശുപത്രി, വിമാനത്താവളം, പാല്‍, പത്രം എന്നിവയെയും വിദേശ സഞ്ചാരികളെയും ഒഴിവാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ദേശീയ ബന്ദാണ് യു.ഡി.എഫ് ഹര്‍ത്താലായി ആചരിക്കുന്നതെന്ന് ഹസന്‍ പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനക്കെതിരെ 12ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യു.ഡി.എഫ് നടത്താനിരുന്ന പ്രതിഷേധ പരിപാടി ശനിയാഴ്ച നടത്തുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. 17ന് മണ്ഡലാടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് സായാഹ്ന ധര്‍ണയും നടത്തും.