കേരളത്തിലേക്ക് കൊക്കെയ്ന്‍ കടത്തല്‍ ;അന്വേഷണം ഉര്‍ജിതമാക്കി

കേരളത്തിലേക്ക് കൊക്കെയ്ന്‍ കടത്തല്‍ ;അന്വേഷണം ഉര്‍ജിതമാക്കി

September 7, 2018 0 By Editor

നെടുമ്പാശ്ശേരി: രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് മാഫിയയുടെ കൊച്ചിയിലെ ഇടനിലക്കാരെ കണ്ടെത്താന്‍ ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം കൊക്കെയ്‌നുമായി വെനസ്വേല സ്വദേശി പിടിയിലായ സംഭവത്തെത്തുടര്‍ന്നാണിത്. കൊക്കെയ്‌നുമായി എത്തിയ ഇയാള്‍ കാക്കനാട് ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെനിന്ന് പിന്നീട് ഗോവയിലേക്ക് കടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ബ്രസീല്‍ കേന്ദ്രീകരിച്ചാണ് കൊക്കെയ്ന്‍ വിതരണ സംഘം പ്രവര്‍ത്തിക്കുന്നത്. രണ്ടുവര്‍ഷത്തിനിടെ കൊക്കെയ്‌നുമായി നെടുമ്പാശ്ശേരിയില്‍ പിടിയിലായ വിദേശികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് വെളിപ്പെട്ടത്. പല കേസുകളും പിടിക്കപ്പെടുന്നത് രഹസ്യവിവരം കിട്ടുമ്പോള്‍ മാത്രമാണ്. പരിശോധന ശക്തമാക്കിയെന്ന് ബോധ്യപ്പെട്ടതോടെ ഇപ്പോള്‍ കൊക്കെയ്ന്‍ ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ ഇങ്ങനെ 64 ഗുളിക വിഴുങ്ങിയെത്തിയ ബ്രസീല്‍ സ്വദേശി പിടിയിലായിരുന്നു.

വിദേശത്തുനിന്ന് നേരിട്ട് വന്‍തോതില്‍ കൊക്കെയ്ന്‍ എത്തുന്നത് കൊച്ചി മയക്കുമരുന്നിന്റെ പ്രധാനകേന്ദ്രമായി മാറുന്നുവെന്നതിന്റെ തെളിവുകൂടിയാണെന്ന് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു. വിദേശികള്‍ക്ക് മുറി ബുക്ക് ചെയ്യുന്നതും മറ്റും ഇന്റര്‍നെറ്റ് വഴി വിദേശത്തുനിന്നുതന്നെയാണ്. മയക്കുമരുന്ന് കൊണ്ടുവരുന്നവര്‍ മറ്റുള്ളവരുമായി കാര്യമായി മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുന്നുമില്ല. കൊച്ചി, ഗോവ എന്നിവിടങ്ങളിലുള്ള ഇടനിലക്കാര്‍ ബ്രസീലിലുള്ള മയക്കുമരുന്ന് സംഘങ്ങളുമായി വാട്‌സ്ആപ്പ് വഴിയാണ് വിവരങ്ങള്‍ കൈമാറുന്നത്.

കൊച്ചിയില്‍ വലിയതോതില്‍ കൊക്കെയ്ന്‍ സംഭരണമുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗോവയിലേതുപോലെ മയക്കുമരുന്ന് പാര്‍ട്ടികളും രഹസ്യമായി നിരന്തരം ഇവിടെ നടത്തപ്പെടാനുളള സാധ്യതയും കൂടുതലാണ്. കൊച്ചിയില്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ആഫ്രിക്കന്‍ വംശജരെയും മറ്റും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.