കേരളത്തിന് കൈത്താങ്ങായി ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

August 20, 2018 0 By Editor

പയ്യന്നൂര്‍: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായിസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയായ സ്വാഹയാണ് അന്‍പത് ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്തത്.

കോറോം ശ്രീനാരായണ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ സ്ഥലമാണ് വിദ്യാത്ഥിനി സംഭാവന ചെയ്ത. കൃഷിക്കാരനായ അച്ഛന്‍ തനിക്കും അനുജന്‍ ബ്രഹ്മയ്ക്കും വേണ്ടി കരുതിവെച്ച സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാഗ്രഹിക്കുന്നുവെന്ന് സ്വാഹ സ്‌ക്കൂള്‍ അധികൃതരെയാണ് അറിയിച്ചത്. അച്ഛന്‍ ശിവശങ്കരനും സ്‌ക്കൂള്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് അനുവാദം നല്‍കിയിട്ടുണ്ട്.

പയ്യന്നൂര്‍ മാവിച്ചേരി സ്വദേശിയായ സ്വാഹ നാട്ടിലെ അറിയപ്പെടുന്ന ചെസ്സ് താരമാണ്. നിരവധി തവണ ദേശീയ ചെസ്സ് മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.