കേരളത്തിന് കൈത്താങ്ങായി ആന്ധ്രപ്രദേശ്

കേരളത്തിന് കൈത്താങ്ങായി ആന്ധ്രപ്രദേശ്

September 12, 2018 0 By Editor

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങുമായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്ന രാജപ്പയുടെ നേതൃത്വത്തിലുള്ള സംഘം തിരുവന്തപുരത്തെത്തി. 35 കോടി രൂപയും 15 കോടിയോളം രൂപയുടെ അവശ്യ സാധനങ്ങളുമാണ് ആന്ധ്രാപ്രദേശ് നല്‍കിയത്.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ 35 കോടി രൂപയും 15 കോടി രൂപയുടെ അവശ്യ സാധനങ്ങളും മന്ത്രി ഇ.പി ജയരാജന് കൈമാറി. അതേ സമയം കേന്ദ്രം കേരളത്തിന് നല്‍കിയത് തുച്ഛമായ ധനസഹായമാണെന്നും വിദേശ രാജ്യങ്ങളില്‍ നിന്നടക്കം കേരളത്തിന് സഹായം ലഭിക്കാന്‍ കേന്ദ്രം സഹകരിക്കണമെന്നും ചിന്ന രാജപ്പ പറഞ്ഞു.

വിശാഖപട്ടണത്തില്‍ കൊടും കാറ്റ് വീശിയപ്പോള്‍ 1000 കോടി ധന സഹായം പ്രഖ്യാപിച്ച കേന്ദ്രം 600 കോടിയാണ് നല്‍കിയതെന്നും, വേഗം പൂര്‍ത്തിയാക്കുന്ന വീടുകളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ ആന്ധ്രയിലേക്ക് ക്ഷണിച്ചതായും ചിന്ന രാജപ്പ വ്യക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സഹായമാണിത്. മലയാളിയായ മുതിര്‍ന്ന ഉദ്യോഗസ്ഥനെ കേരളത്തിലേക്ക് അയച്ച് പ്രളയക്കെടുതിയില്‍ കേരളത്തിന് ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് വിശദമായി മനസിലാക്കിയതിന് ശേഷമാണ് ആന്ധ്ര സംഘം എത്തിയത്.