കേരളത്തിന്റെ അഭിമാനമായി ജിന്‍സണ്‍ ജോണ്‍സണ്‍: അര്‍ജ്ജുന അവാര്‍ഡ് മലായാളി താരത്തിന്

September 17, 2018 0 By Editor

കൊച്ചി: മലയാളി താരം ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജ്ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അവാര്‍ഡ്. 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും ജിന്‍സണ്‍ കരസ്ഥമാക്കിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍.

2016ല്‍ ബ്രസീലിലെ റിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ അത്‌ലറ്റിക് ടീമില്‍ ജിന്‍സണ്‍ അംഗമായിരുന്നു. പുരുഷന്‍മാരുടെ 800 മീറ്റര്‍ ട്രാക്കില്‍ ഇദ്ദേഹം റിയോയില്‍ മല്‍സരിച്ചിരുന്നു.

കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലുമാണ് ജിന്‍സണ്‍ പഠനം പൂര്‍ത്തിയാക്കിയത്. കോട്ടയത്തെ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പരിശീലനം നേടി. 2009ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. 2015 ജൂലൈ മുതല്‍ ഹൈദരാബാദില്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസറാണ്.

ഏഷ്യന്‍ ഗ്രാന്റ് പ്രീ പരമ്പരയില്‍ മൂന്ന് സ്വര്‍ണ മെഡല്‍ ലഭിച്ചിട്ടുണ്ട്. 2015ലെ ഗുവാന്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. 2016ലെ റിയോ ഒളിമ്പിക്‌സാണ് ജിന്‍സണിന്റെ ആദ്യ ഒളിമ്പിക് മല്‍സരം.

ചക്കിട്ടപ്പാറയിലെ മണ്‍പാതകളിലൂടെ ഓടിത്തുടങ്ങിയ ജിന്‍സണ്‍ ജോണ്‍സണ്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ മിന്നും താരമായി വളരുകയായിരുന്നു. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ സാക്ഷാല്‍ ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകര്‍ത്ത ഈ 27കാരന്‍ ഇപ്പോള്‍ അര്‍ജ്ജുന അവാര്‍ഡിനും അര്‍ഹനായി എന്നത് മലയാളികള്‍ക്കും ഏറെ അഭിമാനമാണ്.