കേരളത്തിന്റെ പുനരുദ്ധാരണം: ‘ശ്രീഅഭയം’ പദ്ധതിയുമായി ശ്രീശ്രീരവിശങ്കര്‍

കേരളത്തിന്റെ പുനരുദ്ധാരണം: ‘ശ്രീഅഭയം’ പദ്ധതിയുമായി ശ്രീശ്രീരവിശങ്കര്‍

September 13, 2018 0 By Editor

കേരളത്തിന്റെ പുനര്‍നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ശ്രീഅഭയം’ പദ്ധതിയുമായി ശ്രീശ്രീരവിശങ്കര്‍. കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ശ്രീശ്രീരവിശങ്കര്‍ 9.5 കോടി രൂപയുടെ സാധനങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തും നിന്നുമുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍ സമാഹരിച്ച് നല്‍കിയ 14 കോടി രൂപയിലധികമുള്ള സാധനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ആര്‍ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ വീണ്ടും നല്‍കിയത്. ‘ശ്രീഅഭയം ‘ കര്‍മ്മപദ്ധതി സെപ്റ്റംബര്‍ 15 മുതല്‍ കേരളത്തില്‍ നടപ്പിലാക്കി തുടങ്ങുമെന്ന് ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്‍മാന്‍ എസ്.എസ്.ചന്ദ്രസാബു അറിയിച്ചു.

പ്രളയ ബാധിത മേഖലകളായ മലപ്പുറം, ഇടുക്കി, പത്തനംത്തിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായാണ് ‘ശ്രീഅഭയം’ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയവയുടെ സമഗ്ര വികസനത്തിന്റെ തുടര്‍ച്ചയായി മെഡിക്കല്‍ ക്യാമ്പുകള്‍, ദുരിത ബാധിതരുടെ മാനസിക സംഘര്‍ഷം ലഘൂകരിച്ച് അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാവശ്യമായ ട്രോമാ റിലീഫ് വര്‍ക്ക് ഷാപ്പുകള്‍, കൗണ്‍സലിംഗ് തുടങ്ങിയവ വ്യാപിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍ തുടങ്ങിയ പഠനസൗകര്യങ്ങള്‍ക്ക് പുറമെ പൊതുശൗചാലയങ്ങള്‍, വായനശാലകള്‍ക്കായി പുസ്തകങ്ങള്‍, ടെലിവിഷനും കമ്പ്യുട്ടറും അനുബന്ധ സൗകര്യങ്ങളും നല്‍കും.

പാത്രങ്ങളടക്കമുള്ള ദുരിതാശ്വാസകിറ്റുകള്‍, വസ്ത്രങ്ങള്‍, വാട്ടര്‍ ഫില്‍ട്ടറുകള്‍, സൗരോര്‍ജ്ജ പാനലുകള്‍, സൗരോര്‍ജ്ജ വിളക്കുകള്‍ തുടങ്ങി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ശ്രീശ്രീരവിശങ്കര്‍ വിഭാവനം ചെയ്ത ”ശ്രീഅഭയം ‘പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്‍മാന്‍ ചന്ദ്രസാബു വ്യക്തമാക്കി.