കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്ന് സംപിത്ത് പത്ര

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്ന് സംപിത്ത് പത്ര

September 13, 2018 0 By Editor

ന്യൂഡല്‍ഹി:വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്ന് ബി.ജെ.പി വക്താവ് സംപിത്ത് പത്ര. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വക്താവിനെപ്പോലെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനിയെപ്പോലെയാണ് രാഹുല്‍ കിംഗ് ഫിഷറിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടുവിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയോട് വിവരം പറഞ്ഞിരുന്നുവെന്ന മല്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, രാഹുല്‍ ഗാന്ധി ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് വിജയ് മല്യ ജയ്റ്റ്‌ലിയുടെ പേര് പറഞ്ഞതെന്നും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. പാര്‍ലമെന്റ് ലോബിയില്‍ വച്ച് ജയ്റ്റ്ലിയെ കണ്ടെന്ന മല്യയുടെ പ്രസ്താവനയാണ് കോണ്‍ഗ്രസുകാര്‍ ഇത്രയ്ക്കും വിവാദമാക്കിയിരിക്കുന്നത്. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ സുതാര്യത കൊണ്ടുവരുന്നതിലെ അസംതൃപ്തിയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിന് പിന്നില്‍. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ തോതില്‍ വായ്പ അനുവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായ്പാ തട്ടിപ്പില്‍ ഇന്ത്യ വിടുന്നതിന് മുമ്പ് ജയ്റ്റ്ലിയെ താന്‍ കണ്ടിരുന്നുവെന്നും രാജ്യം വിടുന്ന കാര്യം അറിയിച്ചിരുന്നുവെന്നുമാണ് മല്യ കഴിഞ്ഞ ദിവസം ലണ്ടനില്‍ വെളിപ്പെടുത്തിയത്. ബാങ്കുകളിലെ ബാദ്ധ്യതകള്‍ തീര്‍പ്പാക്കാന്‍ സഹായിക്കാമെന്ന് ജയ്റ്റ്‌ലി പറഞ്ഞതായും മല്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച ജയ്റ്റ്ലി 2014ന് ശേഷം മല്യയെ കണ്ടിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇതിനിടെ വിവാദം ഏറ്റെടുത്ത കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ ആരോപണങ്ങളാണ് ഉന്നയിച്ചത്.