കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: 10 കോടിയുടെ കൊക്കയിന്‍ പിടികൂടി

കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: 10 കോടിയുടെ കൊക്കയിന്‍ പിടികൂടി

May 9, 2018 0 By Editor

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ചൊവ്വാഴ്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ 10 കോടി രൂപ വില വരുന്ന രണ്ട്
കിലോ കൊക്കെയിന്‍ പിടികൂടി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ റിയോ ഡി ജനീറോയില്‍ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ എല്‍ സാവദോര്‍ സ്വദേശി ഡുരന്‍ സോല ജോണി അലക്‌സാണ്ടര്‍(34) ആണ് കൊക്കെയിന്‍ കടത്തിക്കൊണ്ടുവന്നത്.

ട്രോളി ബാഗിലാണ് കൊക്കെയിന്‍ ഒളിപ്പിച്ചിരുന്നത്. ബ്രസീലിലെ പ്രമുഖ ബ്രാന്‍ഡഡ് സോപ്പിന്റെ കവറില്‍ ഒളിപ്പിച്ചാണ് കൊെക്കയിന്‍ കടത്തിക്കൊണ്ടുവന്നത്. 13 സോപ്പുകളാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 എണ്ണത്തിന്റെ കവറിലാണ് കൊക്കെയിന്‍ ഒളിപ്പിച്ചുവച്ചിരുന്നത്. സോപ്പ് നീക്കം ചെയ്ത ശേഷം പകരം കൊക്കെയിന്‍ സോപ്പ് കവറില്‍  ഒളിപ്പിക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്പാനിഷ് ഭാഷയാണ് ഇയാള്‍ സംസാരിക്കുന്നത്. അതിനാല്‍ ദ്വിഭാഷിയെ ഉപയോഗപ്പെടുത്തിയാണ് ചോദ്യം ചെയ്യല്‍. കൊച്ചിയിലേക്ക് കൊണ്ടുവന്നതാണോ, അതോ ഗോവ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി കൊണ്ടുവന്നതാണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരുന്നു. മുന്‍പ് കൊച്ചിയില്‍ പിടികൂടിയ കൊക്കെയിന്‍ അധികവും ഗോവയിലേക്ക് എത്തിക്കുന്നതിനായി കടത്തിക്കൊണ്ടുവന്നതായിരുന്നു. ചൊവ്വാഴ്ച വിമാനത്താവളത്തില്‍ പിടിയിലായ ആള്‍ക്ക്‌ കൊച്ചിയില്‍ ആരെങ്കിലും സഹായിയായി പ്രവര്‍ത്തിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്ക് തങ്ങുന്നതിനായി കൊച്ചിയില്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നതായും അറിയുന്നു.

ഇയാള്‍ കൊച്ചിയില്‍ ആദ്യമായാണ് എത്തുന്നത്. ബ്രസീലില്‍ നിന്നാണ് ഇയാള്‍ കൊക്കെയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങും