കോഴിക്കോട് അടിയന്തര സഹായത്തിന്റെ ആദ്യഗഡു മൂന്നു താലൂക്കുകളില്‍ വിതരണം ചെയ്തു

കോഴിക്കോട് അടിയന്തര സഹായത്തിന്റെ ആദ്യഗഡു മൂന്നു താലൂക്കുകളില്‍ വിതരണം ചെയ്തു

September 1, 2018 0 By Editor

കോഴിക്കോട്: വീടുകള്‍ വാസയോഗ്യമല്ലാതായ കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായത്തിന്റെ ആദ്യഗഡു മൂന്നു താലൂക്കുകളില്‍ പൂര്‍ത്തിയായി. താമരശ്ശേരി, വടകര, കൊയിലാണ്ടി താലൂക്കുകളിലാണ് വിതരണം പൂര്‍ത്തിയായത്. കോഴിക്കോട് താലൂക്കിലേത് 60 % പൂര്‍ത്തിയായിട്ടുണ്ടെന്നും കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. ഇന്നും നാളെയുമായി രണ്ടാം ഗഡുവിതരണവും പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. മൊത്തം ഇരുപതിനായിത്തോളം കുടുംബങ്ങള്‍ക്കാണ് 10,000 രൂപ രണ്ടുഗഡുക്കളായി നല്‍കുന്നത്. 18 കോടി രൂപയാണ് ഇതിനായി ജില്ലയ്ക്ക് അനുവദിച്ചത്.

അടിയന്തര സഹായത്തിനായി തിരഞ്ഞെടുക്കുന്ന എല്ലാകുടുംബങ്ങളിലേക്കും അവശ്യസാധനങ്ങളുടെ കിറ്റും നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. താല്‍ക്കാലിക റേഷന്‍ കാര്‍ഡ് പ്രളയദുരിതബാധിതരായി ജില്ലയില്‍ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കും. റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് കെട്ടിട ഉടമകളുടെ കത്തിന് പകരം പഞ്ചായത്ത് നല്‍കുന്ന സാക്ഷ്യപത്രം മതിയാകും.

സാങ്കേതിക തടസ്സം ഉന്നയിച്ച് താമസം വരുത്താതെ അര്‍ഹരായവര്‍ക്ക് റേഷന്‍ കാര്‍ഡ് എളുപ്പത്തില്‍ നല്‍കുന്നതിന് നടപടിയുണ്ടാകണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. എന്‍ഐടി തുക നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് എന്‍ഐടി സമാഹരിച്ച 21,90,570 രൂപ ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി കലക്ടര്‍ യു.വി. ജോസിന് കൈമാറി.