കോഴിക്കോട് അപൂര്‍വ വൈറസ് രോഗം: ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

May 20, 2018 0 By Editor

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ അപൂര്‍വ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൂസ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്.

കോഴിക്കോട് ജില്ലയില്‍ രണ്ടുദിവസത്തിനിടെ മൂന്നുപേര്‍ വൈറല്‍ പനി പിടിപെട്ടു മരിച്ചു. നോര്‍ത്ത് കാരശേരി, കുറ്റിക്കാട്ടൂര്‍, കൊമ്മേരി എന്നിവിടങ്ങളിലാണു മരണം.

വവ്വാലില്‍നിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം. മരിച്ചവരുടെ സ്രവ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അവിടെ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥ രോഗകാരണം വ്യക്തമാകൂ.

വൈറല്‍ പനിയെ നേരിടാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. വൈറല്‍ പനിയെ നിയന്ത്രിക്കാന്‍ ഐസൊലേഷന്‍ സൗകര്യങ്ങളോട് കൂടിയ സംവിധാനമാണ് ഒരുക്കിയത്. കൂടുതല്‍ രോഗികള്‍ എത്തുന്ന പക്ഷം പേ വാര്‍ഡിനോടനുബന്ധിച്ച് പ്രത്യേക വാര്‍ഡ് തന്നെ ഒരുക്കി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള എല്ലാ നടപടികളും തയ്യാറാക്കിയതായി പ്രിന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു.