കെഎസ്ആര്‍ടിസി ഇനി പറക്കും: വിമാനത്താവളങ്ങളില്‍ ‘ഫ്‌ലൈ ബസ്’ സര്‍വീസുകള്‍ ആരംഭിച്ചു

കെഎസ്ആര്‍ടിസി ഇനി പറക്കും: വിമാനത്താവളങ്ങളില്‍ ‘ഫ്‌ലൈ ബസ്’ സര്‍വീസുകള്‍ ആരംഭിച്ചു

July 3, 2018 0 By Editor

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നും ബന്ധപ്പെട്ട നഗരങ്ങളിലേക്ക് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ‘ഫ്‌ലൈ ബസ്’ എന്ന പേരിലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഫ്‌ലൈ ബസുകളുടെ സംസ്ഥാനതല ഫ്‌ലാഗ്ഓഫ് ചൊവ്വാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കും.

കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍, വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകള്‍ ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകാനുള്ള സൗകര്യം തുടങ്ങിയവയാണ് സവിശേഷതകള്‍.

ബസ് പുറപ്പെടുന്ന സമയം എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ്സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കും. ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെല്ലാം അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുള്ള മിനി ബസുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസുകളാക്കി മാറ്റി.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍നിന്ന് ഓരോ 45 മിനിറ്റ് ഇടവിട്ട് 24 മണിക്കൂറും ഫ്‌ലൈ ബസുകള്‍ ലഭ്യമാണ്.കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒരു മണിക്കൂര്‍ ഇടവിട്ടും നെടുമ്ബാശേരി എയര്‍പോര്‍ട്ടില്‍നിന്ന് 30 മിനിറ്റ് ഇടവിട്ടും ഫ്‌ലൈ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.എസി ലോ ഫ്‌ലോര്‍ ബസുകളുടെ ചാര്‍ജാണ് ഈടാക്കുക.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി വി രാജേന്ദ്രനാണ് ഫ്‌ലൈ ബസുകളുടെ ചുമതല. ഭാവിയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എയര്‍പോര്‍ട്ടില്‍നിന്ന് നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്.