KSRTCയില്‍ കൂട്ട പിരിച്ചുവിടല്‍

October 7, 2018 0 By Editor

തിരുവനന്തപുരം: കെ‌എസ്‌ആര്‍‌ടിസിയില്‍ നിന്നും 773 പേരെ പിരിച്ചുവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. നിരന്തരം ജോലിക്ക് എത്താത്തവരും അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെ വിട്ടുനില്‍ക്കുന്നതുമായ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ജോലിക്ക് ഹാജരാകാത്തവര്‍ക്ക് കെഎസ്‌ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുകയോ ചെയ്യണമെന്നാണ് കോര്‍പറേഷന്‍ നിര്‍ശിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് 773 ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി എടുത്തത്.

നിരന്തരം ജോലിക്ക് ഹാജരാകാത്ത മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഉള്ളവരെയും പിരിച്ചുവിടാനുള്ള നടപടി കെഎസ്‌ആര്‍ടിസി ആരംഭിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ കാര്യത്തിലും കെഎസ്‌ആര്‍ടിസി ഉടന്‍ നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.