കുടിയേറ്റത്തിന്റെയും ആദ്യ ദിവ്യ ബലിയര്‍പ്പണത്തിന്റെയും പ്ലാറ്റിനം ജൂബിലിക്ക് വര്‍ണാഭമായ തുടക്കം

May 13, 2018 0 By Editor

കോടഞ്ചേരി: കുടിയേറ്റത്തിന്റെയും ആദ്യ ദിവ്യ ബലിയര്‍പ്പണത്തിന്റെയും പ്ലാറ്റിനം ജൂബിലിക്ക് കോടഞ്ചേരി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വര്‍ണാഭമായ  തുടക്കം. ആദ്യകാല കുടിയേറ്റ കുടുംബങ്ങളിലെ മുതിര്‍ന്ന വ്യക്തികളായ വര്‍ഗീസ് വടക്കേല്‍, വാമറ്റത്തില്‍ ഏലിക്കുട്ടി, പേടിക്കാട്ടുകുന്നേല്‍ ജോണ്‍, കുന്നത്ത് മത്തായി എന്നിവര്‍ വിളംബരറാലി നയിച്ചു. തുടര്‍ന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനൊപ്പം തിരിതെളിയിച്ചതോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി.

കുടിയേറ്റ പിതാക്കന്മാരുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ ബിഷപ് അനുസ്മരിക്കുകയും അവരുടെ ജീവിതത്തെയും വിശ്വാസത്തെയും മാതൃകയാക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കുടിയേറ്റത്തിന്റെ 75 വര്‍ഷത്തെ അനുസ്മരിപ്പിച്ച് 75 വീതം ബൈക്കുകള്‍, മുത്തുക്കുടകള്‍, പേപ്പല്‍ ഫ്‌ലാഗുകള്‍, മാലാഖമാരുടെ വേഷമണിഞ്ഞ കുട്ടികള്‍ എന്നിവയോടൊപ്പം കുടിയേറ്റത്തെ അനുസ്മരിപ്പിക്കുന്ന ഫ്‌ളോട്ടുകളും വിളംബരറാലിക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

ഫാ. അഗസ്റ്റിന്‍ കിഴക്കരക്കാട്ട്, ഫാ. കുര്യാക്കോസ് ചേംബ്ലാനി, ഫാ. സെബാസ്റ്റ്യന്‍ പൂക്കളം എന്നിവര്‍ സഹകാര്‍മികരായിരുന്നു. റെക്ടര്‍ ഫാ. തോമസ് പൊരിയത്ത്, അസി. വികാരി സ്‌കറിയ തുണ്ടത്തില്‍, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ട്ടിന്‍ മക്കോളില്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.