കുടുംബശ്രീയുടെ പ്രവര്‍ത്തന മികവിന് ദേശീയ അവാര്‍ഡ്

September 6, 2018 0 By Editor

തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ സമഗ്രമായ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ കുടുംബശ്രീയുടെ പ്രവര്‍ത്തന മികവിന് ദേശീയ അവാര്‍ഡ്. ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി 23 സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത കാര്‍ഷിക പദ്ധതി, മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) ഏറ്റവും ഫലപ്രദമായ രീതിയില്‍ നിര്‍വഹിച്ചതിനാണ് കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 11ന്ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് ടോമറില്‍ നിന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അവാര്‍ഡ് സ്വീകരിക്കും.

പദ്ധതിവഴി സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന കുടുംബശ്രീ സംഘക്കൃഷി വനിതാകര്‍ഷകരുടെ സാമ്പത്തിക സാമൂഹിക ശാക്തീകരണം സാദ്ധ്യമാക്കി. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് 5പ്രൊഡ്യൂസര്‍ കമ്പനികള്‍ രൂപീകരിച്ചു. 140 നഴ്‌സറികള്‍, അഞ്ച് ജില്ലകളില്‍ 250 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യക്കൃഷി എന്നിവയ്ക്കും തുടക്കമിട്ടു. നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് സംഘക്കൃഷി ഗ്രൂപ്പിലെ വനിതകള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.