കുംഭമേള: ആര്‍എസ്എസ് ആചാര്യന്റെ പ്രതിമ മാറ്റാതെ നെഹ്‌റുവിന്റെ പ്രതിമ മാത്രം നീക്കം ചെയ്തു

കുംഭമേള: ആര്‍എസ്എസ് ആചാര്യന്റെ പ്രതിമ മാറ്റാതെ നെഹ്‌റുവിന്റെ പ്രതിമ മാത്രം നീക്കം ചെയ്തു

September 14, 2018 0 By Editor

അലഹബാദ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കുഭമേളയോടനുബന്ധിച്ച് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു. അലബഹാദിലെ ബല്‍സാന്‍ ചൗരയിലാണ് സംഭവം. കുംഭമേളയോടനുബന്ധിച്ച് നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ നീക്കം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം നെഹ്‌റുവിന്റെ പ്രതിമ നിന്നിരുന്ന അതേ റോഡിലുള്ള ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തിട്ടില്ല.

നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നടപടിക്കെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ പ്രതിമ നീക്കം ചെയ്യാനെത്തിയ ക്രെയിന്‍ തടഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിച്ചു.

നെഹ്‌റുവിന്റെ പ്രതിമ റോഡിന്റെ മധ്യത്തിലായിരുന്നുവെന്നും അടുത്തുള്ള പാര്‍ക്കിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ എന്തു കൊണ്ട് നീക്കം ചെയ്തില്ലെന്ന പ്രതിഷേധക്കാരുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല.